വാഷിങ്ടണ്‍: എച്ച് 1 ബി വിസാ ഫീസില്‍ വ്യക്തത വരുത്തി അമേരിക്ക. പുതുക്കിയ നിരക്ക് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. നിലവില്‍ രാജ്യത്തുള്ളവരോ പുറത്തുള്ളവരോ മടങ്ങാന്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
എച്ച് 1 ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തുകയും സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തിലാക്കുകയും ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്ത്യക്കാരായ യാത്രക്കാര്‍ കടുത്ത ആശങ്കയിലായിരുന്നു. നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരുന്ന പലരും ടിക്കറ്റ് റദ്ദാക്കുന്ന സ്ഥിതിയായിരുന്നു.
പൂജാ അവധി ഉള്‍പ്പെടെ കണക്കിലെടുത്ത് നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫീസ് വര്‍ധനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്നും അമേരിക്കലേക്ക് നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിരുന്നു.
അമേരിക്കയില്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കാണ് പുതിയ തീരുമാനം തിരിച്ചടിയാവുക. ഒരു ലക്ഷം ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ) ആയാണ് ഭരണകൂടം ഒറ്റയടിക്ക് വിസാ ഫീസ് ഉയര്‍ത്തിയത്.
ഇന്ത്യയില്‍ നിന്ന് ജോലി തേടി യുഎസിലേക്ക് പോകുന്ന ഐടി ജീവനക്കാരെയാണ് പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യു.എസ് ട്രഷറിയുടെ വരുമാനം ഉയര്‍ത്തുന്നതിനുമാണ് എച്ച് 1 ബി വിസാ ഫീസ് ഉയര്‍ത്തിയതെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്.
ഉയര്‍ന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് ഫീസ് ഉയര്‍ത്തിയതിന്റെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാല്‍ അമേരിക്കയിലെ പല ചെറിയ തസ്തികകളില്‍ പോലും തദ്ദേശീയര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള്‍ നിലനിന്നിരുന്നു.
എന്നാല്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടാകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് പറഞ്ഞു.