നികുതി വെട്ടിച്ച് ഭൂട്ടാന്‍ വഴി ആഢംബര കാറുകള്‍ കടത്തി; പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

നികുതി വെട്ടിച്ച് ഭൂട്ടാന്‍ വഴി  ആഢംബര കാറുകള്‍  കടത്തി; പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലും ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുമുള്ള വീടുകളിലാണ് പരിശോധന നടത്തിയത്.

കസ്റ്റംസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന 'ഓപ്പറേഷന്‍ നുംകൂറിന്റെ' ഭാഗമായാണ് നടപടി. നികുതി വെട്ടിച്ച് ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റെയ്ഡ്.

പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ മടങ്ങിപ്പോകുകയായിരുന്നു. കേരളത്തില്‍ മുപ്പതിടങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്.

വിദേശത്ത് നിന്ന്  ആഢംബര   വാഹനങ്ങള്‍ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ചില ഇളവുകളുണ്ട്. ഈ വാഹനങ്ങള്‍ ഭൂട്ടാനില്‍ വ്യാജ മേല്‍വിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റര്‍ ചെയ്യുകയും അതിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ വിദേശ വാഹനങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേ കാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് വാഹനങ്ങള്‍ വാങ്ങിയവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. പ്രമുഖ സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവരാണ് പ്രധാന ഉപയോക്താക്കള്‍.

ഭൂട്ടാനില്‍ നിന്നു കൊണ്ടുവരുന്ന വാഹനങ്ങള്‍ പഴയ വാഹനങ്ങള്‍ എന്ന പേരില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയിലുള്ള കമ്മിഷണറുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് മുപ്പതോളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്.

നടന്മാര്‍ക്ക് പുറമെ കളമശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹന ഡീലര്‍മാര്‍രുടെ ഓഫീസുകള്‍, വീടുകള്‍ അടക്കം പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.