കൊച്ചി: കളമശേരി മാര്‍ത്തോമ ഭവന്റെ ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറി താമസമാക്കിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് അലംഭാവം തുടരുകയാണെന്ന് മാര്‍ത്തോമ ഭവന്‍ സുപ്പീരിയര്‍ ഫാ. ജോര്‍ജ് പാറയ്ക്ക.
എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇന്‍ജങ്ഷന്‍ ഓര്‍ഡറും ലംഘിച്ച് അറുപതിലധികം വരുന്ന ഗുണ്ടാ സംഘം സെപ്റ്റംബര്‍ നാലിന് രാത്രി നടത്തിയ അതിക്രമത്തില്‍ പൊലീസ് ഇതുവരെ ആരെയും അറസ്‌ററ് ചെയ്തിട്ടില്ല.
ഭൂമി സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയില്‍ ആയതിനാലും തര്‍ക്ക ഭൂമിയുടെ മേലുള്ള മാര്‍ത്തോമാ ഭവനത്തിന്റെ കൈവശാവകാശം കോടതി അംഗീകരിച്ചിട്ടുള്ളതാണ് എന്നതിനാലും നിയമപരമായ പൂര്‍ണ പിന്തുണ പൊലീസ് നല്‍കുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെങ്കിലും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം തുടരുകയാണെന്ന് ഫാ. ജോര്‍ജ് പാറയ്ക്ക കുറ്റപ്പെടുത്തി.
പത്തോളം സന്യാസിനിമാര്‍ താമസിക്കുന്ന കോണ്‍വെന്റിലേക്കുള്ള വഴി തടസപ്പെടുത്തി സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ കെട്ടിട നിര്‍മാണം സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കുകയും നിര്‍മാണ സാമഗ്രികള്‍ ഇറക്കുകയും ചെയ്തു.
ഇപ്പോഴും ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ തുടരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പൊലീസ് ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്യുന്നില്ല. പൊലീസ് മേലുദ്യോഗസ്ഥരും നിഷ്‌ക്രിയത്വം തുടരുകയാണ്.
നഗ്‌നമായ ഈ നിയമ ലംഘനത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറാകണം. പരിഹാരം കണ്ടെത്താന്‍ ആവശ്യമായ ക്രിയാത്മക ഇടപെടലുകള്‍ ജനപ്രതിനിധികളും നടത്തണം.
പ്രദേശത്തെ സാമൂഹിക ഐക്യത്തിന് വിഘാതമാകാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവ സമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നത്.
ഇനിയും നിഷ്‌ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കില്‍ നീതി ലക്ഷ്യമാക്കിയുള്ള എല്ലാത്തരം നിയമ, പ്രതിഷേധ നടപടികളിലേക്കും നീങ്ങാന്‍ ക്രൈസ്തവ സമൂഹം നിര്‍ബന്ധിതരായി തീരുമെന്ന് മാര്‍ത്തോമ ഭവന്‍ സുപ്പീരിയര്‍ വ്യക്തമാക്കി.