വത്തിക്കാൻ സിറ്റി: ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അപൂർവമായ തിരുപ്പിറവി രംഗം സ്ഥാപിക്കും. ‘ഗൗദിയം’ (സന്തോഷം) എന്ന പേരിലുള്ള കലാസൃഷ്ടി കോസ്റ്റാറിക്കൻ കലാകാരിയായ പോള സാൻസ് ആണ് ഒരുക്കിയിരിക്കുന്നത്.
ഏകദേശം അഞ്ച് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും 2.5 മീറ്റർ ഉയരവുമുള്ള ദൃശ്യത്തിന്റെ പ്രധാന ആകർഷണം ഗർഭിണിയായ കന്യകാ മറിയമാണ്. യൗസേപ്പിതാവ്, മൂന്ന് ജ്ഞാനികൾ, ഇടയന്മാർ, മൃഗങ്ങൾ എന്നിവയും ദൃശ്യത്തിൽ ഉൾപ്പെടുന്നുണ്ട്. ദൃശ്യത്തിൽ കാണപ്പെടുന്ന 28,000 റിബണുകൾ 40 ഡേയ്‌സ് ഫോർ ലൈഫിന്റെ പ്രാർഥനയും പിന്തുണയും കാരണം ഗർഭഛിദ്രം നടത്താതെ രക്ഷിക്കപ്പെട്ട ജീവനുകളെ പ്രതിനിധീകരിക്കുന്നു.
ഗർഭഛിദ്രം അവസാനിപ്പിക്കാൻ ഗർഭഛിദ്ര കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രാർഥനയും ഉപവാസ കാമ്പെയ്‌നുകളും സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര സംരംഭമാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്. ഇത് ദുർബല സാഹചര്യങ്ങളിൽ ഗർഭിണികളെ സഹായിക്കുന്നു.
ക്രിസ്തുമസ് സീസണിൽ പോൾ ആറാമൻ ഹാളിൽ പ്രദർശിപ്പിക്കുന്ന ‘ഗൗദിയം’ ജീവിതത്തിന്റെ വിശുദ്ധതയും പ്രത്യാശയും കലയുടെ ഭാഷയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന സൃഷ്ടിയായി വിശേഷിപ്പിക്കപ്പെടുന്നു.