കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍ നടപ്പാക്കേണ്ട ആള്‍ക്കൂട്ട നിയന്ത്രണ രൂപരേഖ തയ്യാറാക്കുന്നു. സംഘാടകര്‍ തയാറാക്കുന്ന പ്ലാനിന് ദുരന്തനിവാരണ അതോറിറ്റി അംഗീകാരം നല്‍കും. മോക് ഡ്രില്ലുകള്‍ ഉള്‍പ്പെടെ നടത്തും. മുന്‍കാല പാഠങ്ങളും ജനങ്ങളുടെ മനശാസ്ത്രവും മനസിലാക്കിയാണ് പദ്ധതി തയാറാക്കുന്നത്.
ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോള്‍ തയാറാക്കും. ബംഗളൂരുവിലെ ഐപിഎല്‍ ദുരന്തത്തിന് ശേഷമാണ് കര്‍ണാടക ക്രൗഡ് കണ്‍ട്രോള്‍ ബില്ലിനെപ്പറ്റി ആലോചിച്ചത്. എന്നാല്‍ ഈ രംഗത്ത് മുന്നിലാണ് കേരളം. കൊച്ചി ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഐഎസ്എല്‍ തുടങ്ങിയ മത്സരങ്ങള്‍ക്കായി തയാറാക്കിയ ദുരന്തനിവാരണ പ്ലാന്‍ എഴ് വര്‍ഷമായി സംസ്ഥാനത്തിനുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
ജനക്കൂട്ട നിയന്ത്രണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സംസ്ഥാന സിവില്‍ ഡിഫന്‍സ് ഫോഴ്‌സ്. നിശ്ചിത സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ കണക്കില്‍ നിന്ന് അധികമായി ആരെയും അനുവദിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.