ചങ്ങനാശേരി: ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്‌മെന്റുകൾ തടസം നിൽക്കുന്നുവെന്ന് ധ്വനിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തികച്ചും തെറ്റിദ്ധാരണജനകമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.
ക്രിസ്ത്യൻ മാനേജുമെൻ്റുകൾ ഭിന്നശേഷി സംവരണ പ്രകാരം നിയമനം നടത്തുന്നതിനെ എതിർത്തിട്ടില്ല എന്നു മാത്രമല്ല അതിനായി സന്നദ്ധത അറിയിച്ചു കൊണ്ട് സത്യവാങ്മൂലം നൽകിയിട്ടുള്ളതും ഒഴിവുകൾ നീക്കിവച്ചിട്ടുള്ളതും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുള്ളതുമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
യഥാവിധം ഭിന്നശേഷി നിയമനം നടത്താൻ സർക്കാരിനു സാധിക്കുന്നില്ല. ഇതിൻ്റെ പേരിൽ നിയമനം പാസാകാതെയും ശമ്പളം ലഭിക്കാതെയും ആയിരക്കണക്കിന് അധ്യാപകരാണ് നരകയാതന അനുഭവിക്കുന്നത്. വാസ്തവം ഇതായിരിക്കെ ക്രിസ്ത്യൻ മാനേജുമെൻ്റുകൾ ഭിന്നശേഷി നിയമനങ്ങളെ എതിർക്കുന്നു എന്ന തരത്തിൽ പൊതുസമൂഹത്തിൽ തെറ്റിധാരണ പരത്തുന്നവിധം സംസാരിക്കുകയും എൻഎസ്എസ് നേടിയെടുത്ത സുപ്രിം കോടതി വിധി സമാന സ്വഭാവമുള്ള ഏജൻസികൾക്കും ബാധകമാണെന്നിരിക്കെ അതു നടപ്പിലാക്കാതെ ഒളിച്ചുകളി നടത്തുകയും ചെയ്യുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു
പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ഓരോ വ്യക്തിയും കോടതിയെ സമീപിക്കണമെന്നാണ് നിലപാടെങ്കിൽ ഇവിടുത്ത ജനാധിപത്യ സർക്കാരിൻ്റെ ചുമതലയെന്തെന്ന് വ്യക്തമാക്കാൻ മന്ത്രി തയ്യാറാകണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.