ഇന്ന് ഒക്ടോബര്‍ ഒന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ ഓര്‍മ്മ തിരുനാള്‍. ചെറുപുഷ്പം എന്ന പേരില്‍ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ 1873 ജനുവരി രണ്ടിന് ഫ്രാന്‍സിലെ അലന്‍കോണിലാണ് ജനിച്ചത്. തെരേസക്ക് നാല് വയസുള്ളപ്പോള്‍ അമ്മ മരിച്ചു. ഒരു മാതൃകാ ക്രിസ്തീയ കുടുംബത്തിലായിരുന്നു അവള്‍ വളര്‍ന്നത്.
കുട്ടി ആയിരിക്കുമ്പോള്‍ തന്നെ കന്യാമഠ ജീവിതം അവളെ ആകര്‍ഷിച്ചിരുന്നു. പതിനഞ്ചാമത്തെ വയസില്‍ കര്‍മലീത്ത മഠത്തില്‍ ചേരുവാന്‍ അനുവാദം ലഭിച്ചു. സാധാരണ ദൈനംദിന ജോലികള്‍ പരിപൂര്‍ണ വിശ്വാസത്തോടെ ചെയ്തും ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യ സ്നേഹത്തിലും നിഷ്‌കളങ്കമായ കുഞ്ഞിന്റേത് പോലുള്ള മനോഭാവത്തിലും സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും അവള്‍ വിശുദ്ധിയുടെ ഉന്നത ശ്രേണിയില്‍ എത്തിയിരുന്നു.
സഭയോട് ഏറെ സ്നേഹവും ജനങ്ങളെ സഭയിലേക്ക് ചേര്‍ക്കുവാന്‍ അതിയായ ആവേശവും പുലര്‍ത്തിയിരുന്നു. 1897 സെപ്റ്റംബര്‍ 30 ന് ഇരുപത്തിനാലാം വയസില്‍ ക്ഷയരോഗംമൂലം കൊച്ചുത്രേസ്യ ഈ ലോകത്തോട് വിടപറഞ്ഞു. 1925 ല്‍ വിശുദ്ധയായി ഉയര്‍ത്തി. ഒരു മിഷനറിയാകാന്‍ അതിയായി ആഗ്രഹിച്ച ത്രേസ്യായെ 1928 ല്‍ പതിനൊന്നാം പീയൂസ് മാര്‍പാപ്പ മിഷണറിമാരുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചു.
ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് രചനയും റെജി മാത്യു സംഗീതവും നിര്‍വഹിച്ച 'എന്‍ ഈശോ നാഥനെ...'എന്ന് തുടങ്ങുന്ന ഗാനം കൊച്ചുത്രേസ്യയുടെ ഓര്‍മ്മ തിരുനാളായ ഇന്ന് ഒരിക്കല്‍ കൂടി ആസ്വദിക്കാം.