തിരുസഭാചരിത്രത്തില്‍ത്തന്നെ മറ്റൊരു രൂപതയുടെ മെത്രാനായിരിക്കെ റോമിന്റെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു മരിനൂസ് ഒന്നാമന്‍ പാപ്പാ. ഇറ്റലിയിലെ വിത്തെര്‍ബോയ്ക്കടുത്തുള്ള ഗല്ലെസെ പ്രദേശത്ത് ഒരു പുരോഹിതന്റെ മകനായി എ.ഡി. 830-ല്‍ മരിനൂസ് ജനിച്ചു. പന്ത്രണ്ടാം വയസ്സില്‍ റോമിലെ സഭാസമൂഹത്തില്‍ ശുശ്രൂഷ ചെയ്യുവാന്‍ ആരംഭിച്ച അദ്ദേഹത്തെ നിക്കോളസ് ഒന്നാമന്‍ പാപ്പാ ഡീക്കനായി അഭിഷേകം ചെയ്തു. നാലാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പങ്കെടുക്കുവാനായി തന്റെ പ്രതിനിധികളായി പാപ്പ അയച്ച മൂന്നു പേപ്പല്‍ പ്രതിനിധികളില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് റോമില്‍ ആര്‍ച്ച്ഡീക്കനും ഖജാന്‍ജിയുമായി സേവനം ചെയ്യുന്നതിനിടയില്‍ ചെര്‍വത്തേറി എന്ന രൂപതയുടെ മെത്രാനായി അഭിഷിക്തനായി.
നിഖ്യാ സൂനഹദോസിന്റെ തീരുമാനമനുസരിച്ച് ഒരു രൂപതയുടെ മെത്രാന് മറ്റൊരു രൂപതയിലേക്ക് സ്ഥലം മാറിപ്പോകുക സാധ്യമായിരുന്നില്ല. എന്നാല്‍ അതിന് മാറ്റം വരുന്നത് ചെര്‍വത്തേറി രൂപതയുടെ മെത്രാനായിരുന്ന മരിനൂസ്, റോമിന്റെ മെത്രാനും സഭാതലവനുമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ജോണ്‍ എട്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി ഏ.ഡി. 882 ഡിസംബര്‍ 16-ന് മാരിനൂസ് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട അതേ ദിവസംതന്നെ സ്ഥാനാരോഹിതനായെങ്കിലും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് ചാള്‍സ് മൂന്നാമന്‍ ചക്രവര്‍ത്തിയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. എന്നിരുന്നാലും ചാള്‍സ് മൂന്നാമന്‍ റോം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പാപ്പായുടെ തിരഞ്ഞെടുപ്പ് അംഗീകരിക്കുകയും തിരുസഭയുടെയും സാമ്രാജ്യത്തിന്റെയും നന്മയ്ക്കായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായ ഫോസിയൂസുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുവാന്‍ മരിനൂസ് ഒന്നാമന്‍ പാപ്പാ തന്റെ ഭരണകാലഘട്ടത്തിലുടനീളം ശ്രമിച്ചിരുന്നു. അനുരജ്ഞനശ്രമങ്ങളുടെ ഭാഗമെന്നോണം ഫോസിയൂസിന്റെ സ്‌നേഹിതനെ പേപ്പല്‍ ഗ്രന്ഥശാലാ സൂക്ഷിപ്പുകാരനായി നിയമിച്ചു. ഇംഗ്ലണ്ടിന്റെ രാജാവായ മഹാനായ ആല്‍ഫ്രട്ട് രാജാവുമായും മരിനൂസ് ഒന്നാമന്‍ പാപ്പ മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. രാജാവിന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് റോമിന് നല്‍കേണ്ടിയിരുന്ന നികുതിയില്‍ നിന്നും ഇംഗ്ലണ്ടിനെ ഒഴിവാക്കി.
ഏ.ഡി. 884 മെയ് 15-ന് മരിനൂസ് ഒന്നാമന്‍ പാപ്പ കാലം ചെയ്തു. ഈ കാലഘട്ടത്തില്‍ മരണപ്പെട്ട അനേകം മാര്‍പ്പാപ്പാമാരെപ്പോലെതന്നെ ആദ്യം അദ്ദേഹത്തിന്റെ ഭൗതികശരീരവും വി. പത്രോസിന്റെ ബസിലിക്കയുടെ മുഖമണ്ഡപത്തിലാണ് അടക്കം ചെയ്തതെങ്കിലും പിന്നീട് ഭൗതികാവശിഷ്ടങ്ങള്‍ വി. പത്രോസിന്റെ ബസിലിക്കയുടെ അകത്തളത്തിലെ പാപ്പാമാരുടെ സിമിത്തേരിയില്‍ അടക്കം ചെയ്തു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക