നൂറ്റിയെഴാമത്തെ മാർപ്പാപ്പ ജോണ്‍ എട്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-107)

നൂറ്റിയെഴാമത്തെ മാർപ്പാപ്പ ജോണ്‍ എട്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-107)

സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടത്തില്‍ മുസ്ലീം അധിനിവേശം യൂറോപ്പിനെയും തിരുസഭയെത്തന്നെയും ഭീതിയിലാഴ്ത്തിയിരുന്ന നാളുകളില്‍ തിരുസഭയെ നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ. നിക്കോളസ് ഒന്നാമന്‍ പാപ്പായുടെ അടുത്ത സുഹൃത്തും സഹകാരിയും ഇരുപതു വര്‍ഷത്തോളം അദ്ദേഹത്തിന്റെ ആര്‍ച്ച് ഡീക്കനുമായിരുന്നു ജോണ്‍ പാപ്പാ. തന്റെ മുന്‍ഗാമിയായിരുന്ന ഹഡ്രിയാന്‍ (അഡ്രിയാന്‍) രണ്ടാമന്‍ മാര്‍പ്പാപ്പ കാലം ചെയ്ത അതേ ദിവസം തന്നെ ജോണ്‍ എട്ടാമന്‍ പുതിയ മാര്‍പ്പാപ്പയായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെടുകയും റോമിന്റെ മെത്രാനും തിരുസഭയുടെ നൂറ്റിയേഴാമത്തെ തലവനുമായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.


അതിസങ്കീര്‍ണ്ണവും അക്രമാസക്തവുമായ ഒരു കാലഘട്ടത്തില്‍ സഭാനൗകയുടെ അമരത്വം ഏറ്റെടുത്ത ജോണ്‍ എട്ടാമന്‍ പാപ്പായ്ക്ക് തന്റെ ഭരണകാലഘട്ടത്തില്‍ ഒന്നിനുപുറകെ ഒന്നായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വയോധികനായിരുന്നുവെങ്കിലും വര്‍ദ്ധിച്ച തീഷ്ണതയോടെയും ഊര്‍ജ്ജസ്വലതയോടെയുമാണ് അദ്ദേഹം സഭയെ നയിച്ചത്. മഹാനായ ഗ്രിഗറി മാര്‍പ്പാപ്പയുടെയും തന്റെ മാര്‍ഗ്ഗദര്‍ശിയും മുന്‍ഗാമിയുമായ നിക്കോളസ് ഒന്നാമന്‍ പാപ്പായുടെയും പാതയിലൂടെത്തന്നെ തിരുസഭയെ നയിക്കുവാന്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്തിരുന്നു.

അറബ് മുസ്ലീമുകളുടെ ആക്രമണം യൂറോപ്പില്‍ അധികമായിക്കൊണ്ടിരിക്കുന്ന കാലമായിരന്നു അത്. അതിനാല്‍ അറബ് മുസ്ലീമുകളുടെ ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധശ്രമങ്ങളുടെ ചുമതല ജോണ്‍ പാപ്പാ നേരിട്ട് ഏറ്റെടുക്കുകയും ഇറ്റലിയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സൈനിക സഖ്യം രൂപപ്പെടുത്തുന്നതിന് പരിശ്രമിക്കുകയും ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയുടെ ചുറ്റും പ്രതിരോധാര്‍ത്ഥം ചുറ്റുമതില്‍ നിര്‍മ്മിക്കുകയും റോമിന്റെ രക്ഷയ്ക്കായി ഒരു കപ്പല്‍സൈന്യത്തെത്തന്നെ നിയമിക്കുകയും ചെയ്തു. എന്നാല്‍ പാപ്പായും ഇറ്റാലിയുടെ തെക്കന്‍ സംസ്ഥാനങ്ങളുമായുണ്ടാക്കിയ സഖ്യത്തിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല. ചില സംസ്ഥാനങ്ങള്‍ അധിനിവേശക്കാരായ മുസ്ലീമുകളുമായി സമാധാന കരാര്‍ ഉണ്ടാക്കുകയും സന്ധിയിലേര്‍പ്പെടുകയും ചെയ്തതായിരുന്നു ഇതിനു കാരണം. പലപ്പോഴും അവര്‍ക്ക് കൈക്കൂലി നല്‍കുന്ന നിലയിലേക്ക് മാര്‍പ്പാപ്പയ്ക്ക് ചുരുങ്ങേണ്ടി വന്നു.

ഏ.ഡി. 875-ല്‍ ലൂയിസ് രണ്ടാമന്‍ ചക്രവര്‍ത്തി മരിച്ചതിനെത്തുടര്‍ന്ന് ജോണ്‍ എട്ടാമന്‍ പാപ്പാ കൂടുതലായി രാഷ്ട്രീയകാര്യങ്ങളിലും സാമ്രാജ്യത്വപരമായ കാര്യങ്ങളിലും കൂടുതലായി ഇടപെടുവാന്‍ തുടങ്ങി. ലൂയിസിന്റെ അമ്മാവനായ ചാള്‍സ് ദി ബാള്‍ഡിന് വൈദികസമൂഹത്തിന്റെയും റോമന്‍ സെനറ്റിന്റെയും പിന്തുണ ഉറപ്പാക്കുകയും ക്രിസ്മസ് ദിനത്തില്‍ പാപ്പാ അദ്ദേഹത്തെ ചക്രവര്‍ത്തിയായി കിരീടധാരണം നടത്തുകയും ചെയ്തു. കൃതജ്ഞതാര്‍ത്ഥമായി ചാള്‍സ് ചക്രവര്‍ത്തി പേപ്പല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ വികസിപ്പിക്കുകയും തന്റെ ദൂതന്മാരെ റോമില്‍ നിയമിക്കുന്നതിനുള്ള അവകാശവും ചക്രവര്‍ത്തിമാര്‍ പേപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന രീതിയും ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ജോണ്‍ പാപ്പായുടെ രാഷ്ട്രീയാവബോധവും ഇടപെടലുകളും പലപ്പോഴും വിനാശകരമായിരുന്നു. ചാള്‍സ് ചക്രവര്‍ത്തി തനിക്കും തിരുസഭയ്ക്കും സഹായമായിരിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അത്തരം സഹായങ്ങളൊന്നും ചക്രവര്‍ത്തിയില്‍നിന്നും ലഭിച്ചില്ല. ലൂയിസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ മകനായ കാര്‍ലോമാന്‍ (ചാള്‍സ് ദി ബാള്‍ഡിനെ ചക്രവര്‍ത്തിയാക്കാന്‍ ജോണ്‍ പാപ്പാ കാര്‍ലോമാനിന്റെ അവകാശവാദത്തെ നിരാകരിച്ചു) തന്റെ രാജാവകാശം ഉറപ്പിക്കുവാന്‍ ഇറ്റലിയിലേക്ക് മാര്‍പ്പാപ്പയ്‌ക്കെതിരായി പടയൊരുക്കം നടത്തി. താമസിയാതെ തന്നെ ചാള്‍സ് ചക്രവര്‍ത്തി മരണപ്പെടുകയും ചെയ്തു. പിന്നീട് വിചിത്രവും സങ്കീര്‍ണ്ണവുമായ നിരവധി സംഭവങ്ങളാണ് റോമില്‍ അരങ്ങേറിയത്. റോമിനെതിരായ പടയൊരുക്കത്തില്‍ നിന്നും രോഗബാധിതനായി കാര്‍ലോമാന്‍ പിന്‍വാങ്ങിയെങ്കിലും സ്‌പൊളേറ്റൊയുടെയും ട്യൂഷ്യയായുടെയും പ്രഭുക്കന്മാര്‍ റോം പിടിച്ചടക്കുകയും ജോണ്‍ എട്ടാമന്‍ പാപ്പായെ തടവിലാക്കുകയും ചെയ്തു. പിന്നീട് പാപ്പാ മോചിപ്പിക്കപ്പെടുകയും പ്രൊവെന്‍സിലേയ്ക്ക് പ്രയാണം ചെയ്യുകയും ചെയ്തു. അവിടെവെച്ച് വീണ്ടും അദ്ദേഹം ലൗകീക പിന്തുടര്‍ച്ചാവകാശ തര്‍ക്കങ്ങളില്‍ മുഴുകി. ഇത്തരം സങ്കീര്‍ണ്ണമായ സംഭവങ്ങള്‍ക്കൊടുവില്‍ അറബ് മുസ്ലീമുകളുടെ ആക്രമണത്തില്‍നിന്നും രക്ഷനേടുവാനായി പൗരസ്ത്യദേശത്തോട് സഹായം അഭ്യര്‍ത്ഥിച്ചു. അപ്പോഴേക്കും ഫോസിയൂസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി പുനഃസ്ഥാപിച്ചിരുന്നു. അദ്ദേഹം റോമിനോട് കടുത്ത വിരോധവും വൈരാഗ്യവും അപ്പോഴും പുലര്‍ത്തിയിരുന്നു. എന്നിരുന്നാലും സൈനികസഹായം ഉറപ്പാക്കുവാനായി എന്തു വിട്ടുവീഴ്ച്ചയും ചെയ്യുവാന്‍ പാപ്പാ തയ്യാറായിരുന്നു.

കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹാഗിയാ സോഫിയാ കത്തീഡ്രലില്‍വെച്ച് ഏ.ഡി. 879 നവംബറില്‍ ഫോസിയൂസിന്റെ അദ്ധ്യക്ഷതയില്‍ ഒരു സൂനഹദോസ് സമ്മേളിച്ചു. പ്രസ്തുത സൂനഹദോസില്‍വെച്ച് ഐക്കണോക്ലാസത്തെ പാഷണ്ഡതയായി പ്രഖ്യാപിച്ച രണ്ടാം നിഖ്യാ സൂനഹദോസിനെ ഔദ്യോഗികമായി അംഗീകരിച്ചു. അതോടൊപ്പം തന്നെ ഫോസിയൂസിന് സഭാഭ്രഷ്ട് കല്പ്പിച്ച സിനഡിന്റെയും കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ അംഗീകരിക്കപ്പെട്ട വിശ്വാസപ്രമാണത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ വിലക്കുകയും ചെയ്ത സിനഡിന്റെയും നടപടികള്‍ സൂനഹദോസ് റദ്ദാക്കി. തന്റെ പ്രതിനിധികളായി സൂനഹദോസിലേക്ക് അയ്ക്കപ്പെട്ടവര്‍ക്ക് താന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടാത്തിടത്തോളം കാലം സൂനഹദോസ് തീരുമാനങ്ങള്‍ അംഗീകരിക്കുവാനും സ്ഥിരീകരിക്കുവാനും ജോണ്‍ എട്ടാമന്‍ പാപ്പാ തയ്യാറായി. മാത്രമല്ല, ഫോസിയൂസിനെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായി അംഗീകരിക്കുകയും ചെയ്തു.

ജോണ്‍ എട്ടാമന്‍ പാപ്പാ പ്രധാനമായും നയതന്ത്രജ്ഞനായിരുന്നുവെങ്കിലും വിവാഹത്തിന്റെ പവിത്രതയ്ക്കും അഖണ്ഡതയ്ക്കും ഊന്നല്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുപോലെതന്നെ മെത്രാന്‍ തിരഞ്ഞെടുപ്പുകള്‍ നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജര്‍മ്മനിയിലേയും ഹംഗറിയിലേയും വൈദികസമൂഹവുമായുള്ള അഭിപ്രായവ്യത്യാസങ്ങളിലും സംഘട്ടനങ്ങളിലും പാപ്പാ മൊറാവിയായുടെ അപ്പസ്‌തോലന്‍ എന്നറിയപ്പെട്ടിരുന്ന മെത്തോഡിയൂസിന് പൂര്‍ണ്ണ പിന്തുണ നല്കുകയും പുരാതനമായ സ്ലാവോനിക് ആരാധനാക്രമം ഉപയോഗിക്കുന്നതിന് ഏ.ഡി. 880-ല്‍ അനുമതി നല്കുകയും ചെയ്തു (പ്രസ്തുത ആരാധനാക്രമം ഉപയോഗിക്കുന്നതിനുള്ള അനുമതി പാപ്പാ ആദ്യം നിഷേധിച്ചിരുന്നു).

തിരുസഭാചരിത്രത്തില്‍ത്തന്നെ ആദ്യമായി (എന്നാല്‍ അവസാനത്തെയല്ല) കൊലചെയ്യപ്പെട്ട മാര്‍പ്പാപ്പയായിരുന്നു ജോണ്‍ എട്ടാമന്‍ മാര്‍പ്പാപ്പ. ഏ. ഡി 882 ഡിസംബര്‍ 16-ന് പാപ്പായുടെ ഏറ്റവും അടുത്ത സഹായികള്‍ അദ്ദേഹത്തിന് വിഷം കൊടുത്തതിനു ശേഷം ഇരുമ്പുഗദ കൊണ്ട് അടിച്ചു കൊലപ്പെടുത്തി. പാപ്പായുടെ കൊലപാതക കാരണം എന്താണെന്ന് ചരിത്രരേഖകളൊന്നും വ്യക്തമായി രേഖപ്പെടുത്തുന്നില്ല. ജോണ്‍ എട്ടാമന്‍ പാപ്പായുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.