നൂറ്റിയാറാമത്തെ മാർപ്പാപ്പ അഡ്രിയാന്‍ രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-106)

നൂറ്റിയാറാമത്തെ മാർപ്പാപ്പ അഡ്രിയാന്‍ രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-106)


ഹഡ്രിയാന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ (അഡ്രിയാന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ)

തിരുസഭയുടെ നൂറ്റിയാറാമത്തെ തലവനായി ഏ.ഡി. 867 മുതല്‍ 872 വരെ സഭയെ നയിച്ച വ്യക്തിയായിരുന്നു ഹഡ്രിയാന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ. റോമിലെ ഒരു പ്രഭുകുടുംബത്തില്‍ ഏ.ഡി. 792 -ല്‍ ജനിച്ച അദ്ദേഹം പുരോഹിതനാകുന്നതിനു മുമ്പ് വിവാഹിതനായിരുന്നു. തിരുസഭയുടെ അമരസ്ഥാനത്തേയ്ക്ക് വരുന്നതിനു മുമ്പുതന്നെ പാപ്പാസ്ഥാനത്തേയ്ക്ക് രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും (ഏ.ഡി. 855ലും ഏ.ഡി. 858ലും) സാന്‍ മാര്‍ക്കോ ദേവാലയത്തിന്റെ കര്‍ദ്ദിനാള്‍ പുരോഹിതനായിരുന്ന അദ്ദേഹം പാപ്പാസ്ഥാനം നിരസിക്കുകയാണുണ്ടായത്. തന്റെ മുന്‍ഗാമിയായ നിക്കോളാസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ കഠിനവും ശക്തവുമായ നിലപാടുകളെയും ശൈലിയെയും പിന്തുണയ്ക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഏകകണ്ഠമായി അദ്ദേഹത്തിന് പിന്‍ഗാമിയായി ഒരാളെ കണ്ടെത്തുവാന്‍ സാധിച്ചില്ല എന്നതായിരുന്നു ഒടുവില്‍ മൂന്നാമത്തെ തവണ പാപ്പാ സ്ഥാനത്തേയ്ക്കുള്ള തന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കുവാനുള്ള കാരണം. എന്നാണ് ഹഡ്രിയാന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് കൃത്യമായി പറയുവാന്‍ കഴിയില്ല. എങ്കിലും ഏ.ഡി. 867 ഡിസംബര്‍ 14-ാം തീയതി വി. പത്രോസിന്റെ ബസിലിക്കയില്‍വെച്ച് ഓസ്തിയായുടെ മെത്രാനായ ഡൊനാറ്റൊ, പോര്‍ട്ടോയുടെ മെത്രാനായ ഫോര്‍മൊസൂസ് കെയ്‌വിന്റെ മെത്രാനായ പിയെത്രോ, സില്‍വ കാന്‍ഡിഡായുടെ മെത്രാനായ ലിയോണി എന്നിവരാല്‍ റോമിന്റെ മെത്രാനും തിരുസഭയുടെ തലവനുമായി ഹഡ്രിയാന്‍ രണ്ടാമന്‍ അഭിഷിക്തനായി.

ഹഡ്രിയാന്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം തുടക്കം മുതല്‍ തന്നെ അസ്വഭാവികവും കലുഷിതവുമായ സംഭവവികാസങ്ങളാല്‍ വിരൂപവും വികൃതവുമായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആരംഭത്തില്‍തന്നെ സ്‌പൊലേറ്റോയുടെ ഡ്യൂക്കായിരുന്ന ആര്‍സെനിയൂസ് റോമിനെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മുന്‍ എതിര്‍മാര്‍പ്പാപ്പയും എന്നാല്‍ പിന്നീട് ഹഡ്രിയാന്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ചരിത്രരേഖാസൂക്ഷിപ്പുകാരനായി നിയമിക്കുകയും ചെയ്ത അനസ്താസിയൂസിന്റെ സഹോദരന്മാരില്‍ ഒരുവന്‍ പാപ്പായുടെ മകളെയും ഭാര്യയെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പാപ്പാ അനസ്താസിയൂസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും സഭാഭ്രഷ്ടനാക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിനുമുമ്പേ അനസ്താസിയൂസിന് കൂരിയായില്‍ മറ്റൊരു സ്ഥാനം നല്‍കി.

തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ വയോധികനായിരുന്ന പാപ്പായുടെ പല മേഖലകളിലുമുള്ള ഭരണപാടവം ദുര്‍ബലമായിരുന്നു. പ്രശ്‌നകലുഷിതമായ കാലഘട്ടത്തില്‍ പലപ്പോഴും ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ലൊഥെയര്‍ രണ്ടാമന്‍ രാജാവ് തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ച നടപടിയെ നിരാകരിക്കുകയും തന്റെ ആദ്യഭാര്യയെ വീണ്ടും സീകരിക്കുവാന്‍ നിക്കോളസ് ഒന്നാമന്‍ പാപ്പാ കല്പ്പിച്ചതനുസരിച്ച് ലൊഥെയര്‍ തന്റെ ആദ്യഭാര്യയെ വീണ്ടും സ്വീകരിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ഹഡ്രിയാന്‍ പാപ്പാ വീണ്ടും അദ്ദേഹത്തെ സഭാകൂട്ടായ്മയിലേക്ക് വീണ്ടും സ്വീകരിച്ചു. കൂടാതെ ലൊഥെയറിന്റെ രണ്ടാം ഭാര്യയുടെ സഭാഭ്രഷ്ടും അദ്ദേഹം നീക്കം ചെയ്തു. മാത്രമല്ല, ലൊഥെയറിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരില്‍ സ്വാധീനം ചെലുത്തുവാനുള്ള പാപ്പായുടെ ശ്രമങ്ങളും കരോലിംഗിയന്‍ മേഖലകളിലെ ആഭ്യന്തരവും സഭാപരവുമായ തര്‍ക്കങ്ങളെ പേപ്പല്‍ കോടതിയുടെ മുമ്പാകെ കൊണ്ടുവരുവാനുള്ള ശ്രമങ്ങളിലും ഹഡ്രിയാന്‍ പാപ്പാ പരാജയപ്പെട്ടു. കരോലിംഗിയന്‍ മേഖലകളിലെ ആഭ്യന്തരവും സഭാപരവുമായ തര്‍ക്കങ്ങളെ പേപ്പല്‍ കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരുവാനുള്ള നീക്കം റെയിംസിന്റെ മെത്രാപ്പോലീത്ത ഹിന്‍ക്മാറിന്റെ കടുത്ത എതിര്‍പ്പിന് വഴിവെച്ചു. ഈ എതിര്‍പ്പിനെ തുടര്‍ന്ന് ഹഡ്രിയാന്‍ രണ്ടാമന്‍ പാപ്പാ അത്തരം ശ്രമങ്ങളില്‍നിന്ന് പിന്തിരിഞ്ഞു.

തന്റെ മുന്‍ഗാമിയായിരുന്ന നിക്കോളാസ് ഒന്നാമനെ സഭാഭ്രഷ്ടനാക്കിക്കൊണ്ടുള്ള കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കിസായിരുന്ന ഫോസിയൂസിന്റെ ഉത്തരവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഹഡ്രിയാന്‍ പാപ്പാ ഏ.ഡി. 869-ല്‍ ഒരു സിനഡ് വിളിച്ചുകൂട്ടുകയും പ്രസ്തുത സിനഡില്‍വെച്ച് ഫോസിയൂസിന്റെയും പങ്കാളികളുടെയും നടപടിയെ അപലപിച്ചുകൊണ്ട് സഭാഭ്രഷ്ട് കല്പ്പിക്കുകയും ചെയ്തു. അതേ സമയം തന്നെ നാലാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ (869-70) പങ്കെടുക്കുവാനായി തന്റെ പ്രതിനിധികളായി രണ്ടുപേരെ ഹഡ്രിയാന്‍ പാപ്പാ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയച്ചു. തന്റെ പ്രതിനിധികളെ സൂനഹദോസിന്റെ അദ്ധ്യക്ഷം വഹിക്കുവാന്‍ അനുവദിക്കണം എന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചുവെങ്കിലും സൂനഹദോസ് അംഗങ്ങള്‍ പ്രസ്തുത അഭ്യര്‍ത്ഥന സ്വീകരിക്കുവാന്‍ തയ്യാറായില്ല. ഫോസിയൂസിനെ സഭാഭ്രഷ്ടനാക്കിയ റോമന്‍ സിനഡിന്റെ നടപടിയെ സൂനഹദോസ് ശരിവെയ്ക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല പൗരസ്ത്യസഭകളില്‍ പിന്തുടരുന്ന മുന്‍ഗണനാക്രമത്തില്‍ പാത്രിയാര്‍ക്കേറ്റുകളെ റോം, കോണ്‍സ്റ്റാന്റിനോപ്പിള്‍, അലക്‌സാണ്ട്രിയ, അന്ത്യോക്ക്യ, ജെറുസലേം എന്നീ ക്രമത്തില്‍ പട്ടികപ്പെടുത്തി. അലക്‌സാണ്ട്രിയന്‍ പാത്രിയാര്‍ക്കേറ്റിന് കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റിനേക്കാള്‍ പ്രാധാന്യവും മുന്‍ഗണനയും നല്‍കണമെന്ന് എപ്പോഴും റോം വാദിച്ചിരുന്നുവെങ്കിലും ഇത്തവണ സൂനഹദോസ് തീരുമാനത്തിന് റോം വഴങ്ങി. അതിന്‍ഫലമായി താല്‍ക്കാലികമായിട്ടാണെങ്കിലും പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭയ്ക്കുമിടയില്‍ വീണ്ടും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു.

എന്നിരുന്നാലും നാലാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് പിരിഞ്ഞ് മൂന്ന് ദിവസത്തിനുശേഷം ബള്‍ഗേറിയ റോമിന്റെ അജപാലന അധികാരത്തിന്‍ കീഴിലല്ല മറിച്ച് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അജപാലന അധികാരത്തില്‍ കീഴിലാണ് വരുന്നതെന്ന് ബൈസ്‌ന്റൈന്‍ ചക്രവര്‍ത്തിയായ ബേസില്‍ വിധിച്ചു. മാത്രമല്ല ബള്‍ഗേറിയയ്ക്കുവേണ്ടി ബൈസന്റൈന്‍ മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്യുകയും ലത്തീന്‍ വൈദികരോട് ബള്‍ഗേറിയ വിട്ടുപോകുവാന്‍ കല്പ്പിക്കുകയും ചെയ്തു. എന്നിരുന്നാലും ഹഡ്രിയാന്‍ പാപ്പാ മൊറാവിയായുടെമേലുള്ള റോമിന്റെ അധികാരം നിലനിര്‍ത്തുകയും പുരാതനമായ സ്ലാവോനിക്ക് ആരാധനാക്രമം ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തു. മാത്രമല്ല മെത്തോഡിയൂസിനെ സിര്‍മിയുമിന്റെ മെത്രാപ്പോലീത്തയായി വാഴിച്ച് അദ്ദേഹത്തെ സ്ലാവേനിയന്‍ വംശജര്‍ക്കുവേണ്ടിയുള്ള പേപ്പല്‍ പ്രതിനിധിയായി നിയമിക്കുകയും ചെയ്തു.

ഏ.ഡി. 872 മെയ് 18-ന് പന്തക്കുസ്താ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍വെച്ച് ലൂയിസ് രണ്ടാമനെ വീണ്ടും ചക്രവര്‍ത്തിയായി അഭിഷേകം ചെയ്തതാണ് ഹഡ്രിയാന്‍ രണ്ടാമന്‍ പാപ്പായുടെതായി രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ പ്രവൃത്തി. ഏ.ഡി. 872 ഡിസംബര്‍ 14-ാം തീയതി ഹഡ്രിയാന്‍ രണ്ടാമന്‍ പാപ്പാ ദിവംഗതനായി. വി. പത്രോസിന്റെ ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത്.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.