കാരുണ്യത്തിന്റെ വിരുന്ന് ; 1300 ദരിദ്രർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലിയോ മാർപാപ്പ

കാരുണ്യത്തിന്റെ വിരുന്ന് ; 1300 ദരിദ്രർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ദാരിദ്ര്യത്തിൻ്റെയും ഒറ്റപ്പെടലിൻ്റെയും കയ്പുനീർ കുടിക്കുന്ന ആയിരത്തിലധികം ആളുകൾക്ക് കൈത്താങ്ങായി ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്നേഹ വിരുന്ന്. ദരിദ്രർക്കു വേണ്ടിയുള്ള ആഗോള ദിനത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാൾ നവംബർ 16ന് വിപുലമായ ഒരു ഡൈനിംഗ് റൂമായി രൂപാന്തരപെട്ടു. 1300 ൽ അധികം അതിഥികൾ പാപ്പയോടൊപ്പം ഉച്ചഭക്ഷണം പങ്കിട്ടു.

ലോകമെമ്പാടുമുള്ള വിൻസെൻഷ്യൻ മിഷനറിമാരുടെയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സമൂഹത്തിന്റെയും 400-ാം വാർഷികത്തിന്റെ ഭാഗമായാണ് മിഷൻ സഭ ഈ പരിപാടി സംഘടിപ്പിച്ചത്. ലസാഞ്ഞ, ഉരുളക്കിഴങ്ങും ചിക്കനും, പരമ്പരാഗത ഇറ്റാലിയൻ മധുരപലഹാരമായ ബാബ എന്നിവ സന്നദ്ധപ്രവർത്തകർ അതിഥികൾക്കായി വിളമ്പി. ഭക്ഷണം വിളമ്പുക എന്നതിലുപരി ഓരോ അതിഥിക്കും സ്വാഗതത്തിന്റെയും കരുതലിന്റെയും അനുഭവം നൽകാനാണ് ശ്രമിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ഈ വർഷത്തെ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് ഉൾക്കൊള്ളലിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പേപ്പൽ അൽമോണർ, പോളിഷ് കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കിയുടെ ഇടപെടലായിരുന്നു. റോമൻ കടൽത്തീര പട്ടണമായ ടോർവൈയാനിക്കയിൽ നിന്നുള്ള അൻപതോളം ട്രാൻസ്‌ജെൻഡർ സമൂഹവും പാപ്പയുടെ വിരുന്നിൽ പങ്കുചേർന്നു. സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു എന്നതിൻ്റെ ഉജ്ജ്വലമായ പ്രഖ്യാപനമായിരുന്നു ഈ സാന്നിധ്യം.

പരിസ്ഥിതി സൗഹൃദപരമായ സമീപനമാണ് വിരുന്നിൽ വത്തിക്കാൻ സ്വീകരിച്ചത്. പരിപാടിയിൽ പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി. പാത്രങ്ങൾ, ഫ്ലാറ്റ്‌വെയർ, ടേബിൾ ലിനൻ എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക് രഹിത ടേബിൾ സർവീസ് നൽകി. ഭക്ഷണത്തിന് ശേഷം ഏറ്റവും ദുർബലരായവർക്കുള്ള സേവനത്തിന് വിൻസെൻഷ്യൻ സമൂഹത്തോട് ലിയോ പാപ്പ നന്ദി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.