'കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍'; ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍: ശരണം വിളിച്ച് പ്രതിഷേധം

'കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍'; ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍: ശരണം വിളിച്ച് പ്രതിഷേധം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. 'കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍', ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെയ്ക്കുക തുടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം.

ചോദ്യോത്തര വേളയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. സ്പീക്കറെ മറച്ച് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി.

ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിഷയം ഉന്നയിച്ചു. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവനും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണം. ശബരിമല വിഷയം സഭയില്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ചോദ്യോത്തരവേള തടസപ്പെടുത്തുന്ന പ്രവണത രാജ്യത്ത് ഒരിടത്തും ഇല്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അംഗങ്ങളെ നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സഭയിലെ പുതിയ അംഗങ്ങളായ ആര്യാടന്‍ ഷൗക്കത്തിനോടും ചാണ്ടി ഉമ്മനോടുമൊക്കെ ബാനര്‍ പിടിക്കുന്നത് ശരിയാണോ എന്ന് മന്ത്രി ബാലഗോപാല്‍ ചോദിച്ചു. നോട്ടീസ് നല്‍കാതെ എന്തു പ്രതിഷേധമെന്ന് സ്പീക്കര്‍ ഷംസീര്‍ ചോദിച്ചു. പ്രതിഷേധത്തിന്റെ കാര്യം പറയൂ. നോട്ടീസ് നല്‍കിയാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കറെ മറച്ച് ബാനര്‍ പിടിച്ചതില്‍ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. പ്രതിപക്ഷത്തിന് ഒരു മര്യാദയുമില്ല. നിയമസഭയില്‍ എങ്ങനെ സമരം ചെയ്യണമെന്ന് പറഞ്ഞു തരാമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും ചര്‍ച്ചയെ നേരിടാന്‍ ഭയമാണെന്നും മന്ത്രി എം.ബി രാജേഷ് കുറ്റപ്പെടുത്തി. സ്പീക്കറെ മറച്ച് ബാനര്‍ പിടിച്ചതിനെതിരെ ഭരണപക്ഷവും പ്രതിഷേധിച്ചതോടെ ബഹളത്തെ തുടര്‍ന്ന് സഭ സ്പീക്കര്‍ നിര്‍ത്തി വെക്കുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.