'ജീവിതത്തില്‍ ആദ്യമെടുത്ത ബമ്പറിന് 25 കോടി; തുറവൂര്‍ സ്വദേശി ശരത് ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി

'ജീവിതത്തില്‍ ആദ്യമെടുത്ത ബമ്പറിന് 25 കോടി;  തുറവൂര്‍ സ്വദേശി ശരത് ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി

തുറവൂര്‍: ഓണം ബമ്പര്‍ 25 കോടിയുടെ ലോട്ടറി അടിച്ച ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സ്വദേശി ശരത് എസ്. നായര്‍ തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി.

ജീവിതത്തില്‍ ആദ്യമായി എടുത്ത ബമ്പര്‍ ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം ലഭിച്ചെന്ന് ശരത് പറഞ്ഞു. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്സ് ജീവനക്കാരനായ ശരത്, ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് കടയില്‍ നിന്ന് ടിക്കറ്റ് എടുത്തത്.

ഒന്നാം സമ്മാനം കിട്ടിയെന്ന് മനസിലായപ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും ഒന്നുകൂടി ഉറപ്പിച്ചിട്ട് എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും ശരത് വ്യക്തമാക്കി. ഫോണില്‍ ലോട്ടറിയുടെ ഫോട്ടോ എടുത്തുവെച്ചിരുന്നു.

ഫലം വന്നപ്പോള്‍ ഫോണില്‍ ടിക്കറ്റിന്റെ ചിത്രം നോക്കി സമ്മാനം കിട്ടിയെന്ന് ഉറപ്പിച്ചു. ആദ്യം അത് വിശ്വസിക്കാന്‍ സാധിച്ചില്ല. അതിനു ശേഷം വീട്ടില്‍ പോയി രണ്ടുമൂന്ന് തവണകൂടി പരിശോധിച്ചു. ആദ്യം സഹോദരനോടാണ് പറഞ്ഞത്. 12 വര്‍ഷത്തോളമായി നെട്ടൂരിലാണ് ശരത് ജോലി ചെയ്യുന്നത്.

നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപര്‍ അടിച്ച നമ്പര്‍ ഉള്ള മറ്റ് സീരീസുകളിലെ ഒമ്പതു ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് അഞ്ചു ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.

ബമ്പര്‍ നറുക്കെടുപ്പ് നടന്ന ദിവസം രാവിലെ ജോലിക്കെത്തിയ ശരത്ത് പിന്നീട് ഇവിടെ നിന്ന് മടങ്ങുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കുടുംബത്തില്‍ കുറച്ച് പ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയില്‍ പോവണമെന്നും പറഞ്ഞ് പോവുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. ലോട്ടറിയെടുത്ത കാര്യം അറിയാമായിരുന്നെങ്കിലും ബമ്പറടിച്ചത് മറ്റുള്ളവര്‍ അറിഞ്ഞിരുന്നില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.