'കുറ്റബോധമില്ല, വെട്ട് ആരോഗ്യ മന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു'; മാധ്യമങ്ങളോട് പ്രതികരിച്ച് ഡോക്ടറെ ആക്രമിച്ച സനൂപ്

'കുറ്റബോധമില്ല, വെട്ട് ആരോഗ്യ മന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു'; മാധ്യമങ്ങളോട് പ്രതികരിച്ച് ഡോക്ടറെ ആക്രമിച്ച സനൂപ്

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സനൂപ്. ആക്രമണം ആരോഗ്യ മന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും സമര്‍പ്പിക്കുന്നുവെന്നും സനൂപ് പ്രതികരിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സനൂപ്.

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ച സനൂപ്. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലെത്തിയ സനൂപ് 'എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ' എന്നു ചോദിച്ചുകൊണ്ട് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആക്രമണത്തില്‍ സനൂപിന് എതിരെ വധശ്രമത്തിന് കേസെടുത്തു. മാരകായുധം ഉപയോഗിച്ച് ആക്രമിക്കല്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും എഫ്ഐആര്‍ പറയുന്നു.

കുട്ടിയുടെ മരണത്തിന് ശേഷം സനൂപ് ഏറെ അസ്വസ്ഥനായിരുന്നു എന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നു. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായും സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും കെജിഎംഒഎ പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.