തിരുവനന്തപുരം: ക്ഷേമ സര്‍വെ നടത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ സര്‍വെ ലക്ഷ്യമിട്ടുള്ള സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
നവകേരളം-സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി എന്ന പേരില്‍ 2026 ജനുവരി ഫെബ്രുവരി മാസങ്ങളിലായിരിക്കും സര്‍വെ നടത്തുക. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ചുള്ള വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേമ പദ്ധതി വിലയിരുത്തലും വികസന പദ്ധതി നിര്‍ദേശങ്ങളും സമാഹരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 80 ലക്ഷം വീടുകളില്‍ സര്‍വെ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിനായി നാലംഗ സംസ്ഥാന തല ഉപദേശക സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം എബ്രഹാം, ഐഎംജി ഡയറക്ടര്‍ കെ. ജയകുമാര്‍, കോഴിക്കോട് ഐഐഎം പ്രഫസര്‍ ഡോ. സജി ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതി അംഗങ്ങള്‍.