വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ധാന. 28 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്താണ് സ്മൃതി പുതിയ നാഴികക്കല്ല് താണ്ടിയത്.
വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സ്മൃതി മാറി. ഇതിഹാസ ഓസ്ട്രേലിയന്‍ താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന മെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡാണ് സ്മൃതി പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തിലാണ് സ്മൃതിയുടെ നേട്ടം. 17 ഇന്നിങ്സുകളില്‍ നിന്നായി സ്മൃതി 2025 കലണ്ടര്‍ വര്‍ഷം അടിച്ചുകൂട്ടിയത് 982 റണ്‍സാണ്.
1997 ല്‍ മെലിന്‍ഡ സ്ഥാപിച്ച 970 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തം പേരിലേക്ക് മാറ്റിയത്. 57.76 റണ്‍സ് ശരാശരിയില്‍ 112.22 സ്ട്രൈക്ക് റേറ്റിലുമാണ് നേട്ടം. നാല് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് താരം ഇക്കാലയളവില്‍ അടിച്ചുകൂട്ടിയത്.