കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവേകിന് ഇഡി 2023 ല്‍ സമന്‍സ് അയച്ചത്.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സാക്ഷി എന്ന നിലയിലാണ് വിവേക് കിരണിന് ഇഡി സമന്‍സ് നല്‍കിയതെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ വിവേക് ഇഡിയുടെ മുന്നില്‍ ഹാജരായിരുന്നില്ല.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഉള്‍പ്പടെ കള്ളപ്പണം കടത്തിയെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2006 ല്‍ ക്രൈം നന്ദകുമാര്‍ ഇഡിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി 2020 ല്‍ ഈ പരാതിയില്‍ ഇഡി അന്വേഷണവുമായി വീണ്ടും രംഗത്തെത്തിയത്.
പരാതിയില്‍ 2021 ല്‍ ഇഡി ക്രൈം നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ലാവ്‌ലിന്‍ കമ്പനിയുടെ മുന്‍ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനുമായി മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് അടുപ്പമുണ്ടെന്ന മൊഴി ഇഡിക്ക് ലഭിച്ചു. തുടര്‍ന്നാണ് വിവേക് കിരണിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചത്.
ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴിയും ഇസിഐആറില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സമന്‍സില്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല.