എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ എന്‍.എസ്.എസിന് ലഭിച്ച ഇളവ് ഇതര മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കിയ തീരുമാനം സ്വാഗതാര്‍ഹം: സീറോ മലബാര്‍ സഭ

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളില്‍ എന്‍.എസ്.എസിന് ലഭിച്ച ഇളവ് ഇതര മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കിയ  തീരുമാനം സ്വാഗതാര്‍ഹം: സീറോ മലബാര്‍ സഭ

കൊച്ചി: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിന് അനുകൂലമായി സുപ്രീം കോടതിയില്‍ നിന്നു ലഭിച്ച ഉത്തരവ് സംസ്ഥാനത്തെ മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം വൈകിയാണെങ്കിലും ലഭിച്ച നീതിയെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പൊതു വിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെടുത്ത ഈ സുപ്രധാനമായ തീരുമാനം ഭിന്നശേഷി നിയമനത്തിലെ പ്രതിസന്ധി മൂലം നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 ത്തോളം അധ്യാപകര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിഷയം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ തീരുമാനത്തിനനുസരിച്ചുള്ള നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നു.

ഭിന്നശേഷി സംവരണ വിഷയത്തിന്റെ പേരില്‍ മറ്റ് അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം നല്‍കാത്തതിലെ വലിയ പ്രതിസന്ധി കത്തോലിക്കാ സഭയും സമുദായ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഭിന്നശേഷി നിയമനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നു തന്നെയാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനോടു നിരന്തരം ആവശ്യപ്പെട്ടത്.

എന്‍എസ്എസ് മാനേജ്‌മെന്റിലെ നിയമനങ്ങള്‍ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റ് മാനേജ്‌മെന്റുകളിലെ നിയമനങ്ങള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയിരുന്നു.

കൂടാതെ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസും പിതാവും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മന്ത്രി ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലുമായും ആശയി വിനിമയം നടത്തിയിരുന്നു.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഇരട്ട നീതിക്കെതിരെ കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ നിരവധിയിടങ്ങളില്‍ പ്രധിഷേധങ്ങളും നടന്നിരുന്നു. വൈകിയാണെങ്കിലും ധാര്‍മിക പ്രതിഷേധ സമരങ്ങളെയും നീതിയുറപ്പാക്കുന്നതിനുള്ള ആവശ്യങ്ങളെയും സര്‍ക്കാര്‍ പരിഗണിച്ചുവെന്നത് ജനാധിപത്യത്തിന്റെ വിജയം തന്നെയാണ്. സര്‍ക്കാരിന്റെ തുറന്ന സമീപനത്തെ സീറോ മലബാര്‍ സഭ സ്വാഗതം ചെയ്യുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.