'ജനപ്രതിനിധികള്‍ വിഭാഗീയതയുടെ വക്താക്കളാകരുത്': വിദ്യാഭ്യാസ മന്ത്രിക്കെതിരെ കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍

'ജനപ്രതിനിധികള്‍ വിഭാഗീയതയുടെ വക്താക്കളാകരുത്':  വിദ്യാഭ്യാസ മന്ത്രിക്കെതിരെ കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍

കൊച്ചി: സമൂഹത്തെ ഒന്നിപ്പിക്കേണ്ട ജനപ്രതിനിധികള്‍ വിഭാഗീയതയുടെ വക്താക്കളാകരുതെന്ന് കെ.സി.ബി.സിജാഗ്രത കമ്മീഷന്‍.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായി ചില കോണുകളില്‍ നിന്ന് നിരന്തരം ഉയരുന്ന ആരോപണങ്ങളെ അന്വേഷണ വിധേയമാക്കുന്നതിന് പകരം വേട്ടക്കാരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചേരുന്നതല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശം അപക്വവും നിയമ സംവിധാനത്തിന് വിരുദ്ധവുമാണ്. തെറ്റായ വ്യാഖ്യാനങ്ങളാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്.

പ്രശ്‌നങ്ങളെ സംയമനത്തോടെ പഠിച്ച് പരിഹാരത്തിലേക്ക് നയിക്കേണ്ടതിന് പകരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നിലപാട് എടുക്കുന്നത് അപ്രായോഗികമാണെന്നും കെ.സി.ബി.സിജാഗ്രത കമ്മീഷന്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന കോടതിയെ വെല്ലുവിളിക്കുന്നത്: മീഡിയ കമ്മീഷന്‍

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ മതാധിഷ്ഠിതമായ വേര്‍തിരിവുകള്‍ കടന്നു വരുന്നത് സമൂഹത്തിന്റെ സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവന അതീവ ഗൗരവകരവും അനുചിതവുമാണെന്ന് സിറോ മലബാര്‍ സഭാ മീഡിയ കമ്മീഷന്‍ വിലയിരുത്തി.

വിദ്യാര്‍ത്ഥിനിക്ക് ഹിജാബ് ധരിച്ചുകൊണ്ട് പഠനം തുടരാന്‍ അനുമതി നല്‍കണമെന്നും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നും പറഞ്ഞ മന്ത്രിയുടെ വാക്കുകള്‍ കോടതി വിധിക്ക് എതിരെയുള്ള വെല്ലുവിളിയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

വിദ്യാഭ്യാസ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിനും മതേതര സ്വഭാവത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ് മറ്റ് താല്‍പര്യങ്ങളുടെയും സമ്മര്‍ദങ്ങളുടെയും വക്താക്കളായി മാറുന്നത്. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാപരമായ നിലപാടിനെയും, കോടതിയുടെ ഉത്തരവിനെയും അവഗണിക്കുന്നതാണ്. അത്തരം നിലപാട് പൊതുസമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കും.

ഭരണഘടനയും നിലവിലുള്ള കോടതി വിധികളും വ്യക്തമാക്കുന്നതു പോലെ, മത വിശ്വാസത്തിന്റെ പേരില്‍ പ്രത്യേക വസ്ത്ര ധാരണം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാനോ അനുവദിക്കാനോ സര്‍ക്കാര്‍ അധികാരികള്‍ക്ക് അവകാശമില്ലെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

വിദ്യാര്‍ഥിനിയും മാതാപിതാക്കളും സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇരുകൂട്ടരും സൗഹൃദപരമായി തീര്‍ത്ത വിഷയത്തെ വീണ്ടും വര്‍ഗീയവല്‍കരിച്ച് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നത് അനാചാരമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സ്ഥാപനങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളുള്ള ന്യുനപക്ഷ സ്ഥാപനങ്ങളാണെന്നും അവയുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ക്രിസ്ത്യാനികള്‍ ഇവിടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. മതമോ ജാതിയോ നോക്കാതെ തുല്യതയും സഹജീവനവും പഠിപ്പിച്ച പള്ളിക്കുടങ്ങളുടെ പാരമ്പര്യത്തെയാണ് മന്ത്രി വെല്ലുവിളിക്കുന്നത്. വിശുദ്ധ ചാവറ പിതാവിന്റെ ദര്‍ശനത്തില്‍ നിന്നാണ് കേരളത്തിലെ പള്ളിക്കുടങ്ങളില്‍ യൂണിഫോം പ്രാബല്യത്തില്‍ വന്നതെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

സ്‌കൂള്‍ യൂണിഫോം ആരുടെയും അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതല്ല, മറിച്ച് മതേതരമായ തുല്യതയും സഹജീവന ബോധവും വളര്‍ത്തുന്ന ഒരു വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ അടിസ്ഥാനം കൂടിയാണ് അതെന്ന് മീഡിയ കമ്മീഷന്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.