പാലാ: ഭിന്നശേഷി അധ്യാപക സംവരണത്തില്‍ സര്‍ക്കാരിന്റെ സമവായ നിര്‍ദേശം തള്ളി ക്രൈസ്തവ സഭകള്‍. എന്‍.എസ്.എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്‌മെന്റുകള്‍ക്ക് നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നാണ് സമവായ നിര്‍ദേശം.
എന്നാല്‍ അത് അംഗീകരിക്കാനാവില്ലെന്നും കോടതിയില്‍ പോകുന്നതിന് പകരം സര്‍ക്കാര്‍ ഉടന്‍ അനുകൂല ഉത്തരവിറക്കണമെന്നും പാലായില്‍ നടക്കുന്ന സഭകളുടെ എക്യുമെനിക്കല്‍ യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ക്രൈസ്തവ സഭകളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ സമവായ നിര്‍ദേശം മുന്നോട്ടു വച്ചത്. ഭിന്നശേഷി അധ്യാപക സംവരണത്തില്‍ എന്‍.എസ്.എസിന് ലഭിച്ച അനുകൂലമായ വിധി ക്രൈസ്തവ മാനേജുമെന്റുകള്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നായിരുന്നു നിര്‍ദേശംം. സുപ്രീം കോടതിയില്‍ നിന്ന് അനൂകൂല വിധി വരട്ടെയെന്നതാണ് സര്‍ക്കാര്‍ നിലപാട്.
ഈ തീരുമനത്തെ കെസിബിസി അംഗീകരിച്ചതോടെ പ്രശ്‌നം പരിഹരിച്ച് സഭകള്‍ ഒപ്പം നിന്നുവെന്നാണ് സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ ഇന്ന് പാലാ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന വിവിധ സഭകളുടെ എക്യുമിനിക്കല്‍ യോഗം ഈ നിര്‍ദേശം തളളി.
സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയാല്‍ വീണ്ടും നിയമ വ്യവഹാരങ്ങളില്‍പ്പെട്ട് തീരുമാനത്തിന് കാലതാമസമുണ്ടാകുമെന്നാണ് സഭകളുടെ വാദം.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍, മാര്‍ത്തോമ, യാക്കോബായ, സിറോ മലങ്കര, ക്‌നാനായ കത്തോലിക്ക, സിഎസ്‌ഐ, ക്‌നാനായ യാക്കോബായ, കല്‍ദായ സഭകളുടെ ബിഷപ്പുമാര്‍ എന്നിവര്‍ പങ്കെടുത്തു.