കൊച്ചി: ഹിജാബ് വിവാദത്തില്‍ ഉറച്ച നിലപാടുമായി കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍. സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വന്നാല്‍ വിദ്യാര്‍ഥിനിയെ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി അറിയിച്ചു.
അതേസമയം വിദ്യാര്‍ഥിനി ടി സി വാങ്ങുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ഹെലീന ആല്‍ബി.
വിഷയത്തില്‍ ഇടപെട്ടതിന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഹൈബി ഈഡന്‍ എംപി, ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ നന്ദി പറഞ്ഞു. പല വിഷയങ്ങളും കോടതിയുടെ മുന്‍പില്‍ ഇരിക്കുന്നതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും സിസ്റ്റര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ആദ്യം ഒക്കെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പിന്നീട് അതുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്‌കൂള്‍ അധികൃതരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്നും രംഗത്തെത്തി. സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന അധ്യാപികയാണ് കുട്ടി അത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസം എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.