വത്തിക്കാനിൽ ചരിത്ര നിമിഷം; മിഷൻ ഞായർ ദിനത്തിൽ ഏഴ് പേരെ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും

വത്തിക്കാനിൽ ചരിത്ര നിമിഷം; മിഷൻ ഞായർ ദിനത്തിൽ  ഏഴ് പേരെ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും

വത്തിക്കാൻ സിറ്റി: മിഷൻ ഞായറായ ഒക്‌ടോബർ 19 ന് ലിയോ പതിനാലാമൻ മാർപാപ്പ ഏഴ് പേരെ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ രാവിലെ 10. 30ന് ആരംഭിക്കുന്ന ദിവ്യബലിക്ക് ശേഷം വിശുദ്ധ പദവി പ്രഖ്യാപനം നടക്കും. വെനിസ്വേല, പാപുവ ന്യൂ ഗിനിയ, ഇറ്റലി, തുര്‍ക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് സിസ്‌നെറോസ്

‘പാവങ്ങളുടെ ഡോക്ടർ’ എന്നറിയപ്പെടുന്ന ഹെർണാണ്ടസ് 1864 ഒക്ടോബർ 26 ന് വെനിസ്വേലയിലെ ട്രൂജില്ലോ സംസ്ഥാനത്താണ് ജനിച്ചത്. രോഗികളെയും ദരിദ്രരെയും സേവിച്ച ജീവിതം അദേഹത്തെ ജനമനസിൽ ദൈവമനുഷ്യനാക്കി. 1919 ൽ ഒരു രോഗിയ്ക്ക് മരുന്ന് വാങ്ങാൻ പോകുമ്പോൾ അപകടത്തിൽപ്പെട്ടു മരിച്ചു.

2017 ൽ ഒരു പെൺകുട്ടിയുടെ അത്ഭുതപരമായ രോഗശാന്തിയാണ് അദേഹത്തിന്റെ വാഴ്ത്തപ്പെട്ട പദവിക്ക് ആധാരമായത്. 2025-ൽ വത്തിക്കാൻ രണ്ടാമത്തെ അത്ഭുതം ആവശ്യമായില്ലെന്ന് തീരുമാനിച്ച് വിശുദ്ധ പദവിക്ക് അംഗീകാരം നൽകി. ഇതോടെ ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് വെനിസ്വേലയുടെ ആദ്യ വിശുദ്ധനായി മാറുന്നു.

മദർ കാർമെൻ റെൻഡൈൽസ് മാർട്ടിനെസ്

1903 ൽ കാരക്കാസിൽ ജനിച്ച മദർ കാർമെൻ ‘യേശുവിന്റെ സേവകരുടെ സഭ’ സ്ഥാപിച്ചു.1977-ല്‍ അന്തരിച്ച മദര്‍ കാര്‍മെന്റെ മധ്യസ്ഥതയില്‍ 2003 ല്‍ സംഭവിച്ച ഒരു വെനിസ്വേലന്‍ ഡോക്ടറുടെ രോഗശാന്തി വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി വത്തിക്കാന്‍ അംഗീകരിച്ചു. 2018-ല്‍ ‘ഇഡിയൊപാത്തിക് ട്രൈവെന്‍ട്രിക്കുലാര്‍ ഹൈഡ്രോസെഫാലസ്’ ബാധിച്ച ഒരു യുവതിയുടെ രോഗശാന്തി വത്തിക്കാന്‍ അംഗീകരിച്ചതോടെ
വെനിസ്വേലയിലെ ആദ്യ വനിതാ വിശുദ്ധ എന്ന വിശേഷണം മദർ കാർമെൻ റെൻഡൈൽസ് മാർട്ടിനെസിന് ലഭിക്കും.

പീറ്റർ ടോ റോട്ടു

1912 ൽ പാപ്പുവ ന്യൂ ഗിനിയയിൽ ജനിച്ച പീറ്റർ ആ രാജ്യത്തിന്റെ ആദ്യ വിശുദ്ധനും രക്തസാക്ഷിയുമാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് അധിനിവേശത്തിനിടെ വിശ്വാസം സംരക്ഷിക്കാൻ പ്രവർത്തിച്ചു. വിവാഹത്തിന്റെ പവിത്രത സംരക്ഷിച്ചുവെന്ന ‘അപരാധം’ ചുമത്തി 1945-ൽ അദേഹത്തെ വധിച്ചു.

സിസ്റ്റർ മരിയ ട്രോൺകാറ്റി

1883 ൽ ഇറ്റലിയിലെ ബ്രെസിയയിൽ ജനിച്ച മരിയ ട്രോൺകാറ്റി സലേഷ്യൻ സന്യാസിനിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ റെഡ് ക്രോസ് നഴ്സായി സേവനം അനുഷ്ഠിച്ച അവർ പിന്നീട് ഇക്വഡോറിൽ മിഷനറി ജീവിതം നയിച്ചു. ഇക്വഡോറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു കര്‍ഷകനും മരപ്പണിക്കാരനുമായ വ്യക്തിക്ക് ലഭിച്ച് അത്ഭുത സൗഖ്യമാണ് മരിയ ട്രോന്‍കാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനായി വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം. അദ്ദേഹത്തിന്റെ തലയോട്ടിക്ക് ആഴത്തിലുള്ള ക്ഷതം സംഭവിച്ച് പക്ഷാഘാതം ഉണ്ടായി. തുടര്‍ന്ന് സംസാരശേഷിയും നഷ്ടപ്പെട്ടു. അദേഹം സുഖം പ്രാപിക്കുമെന്ന് സ്വപ്‌നത്തില്‍ സിസ്റ്റര്‍ മരിയ ഉറപ്പുനല്‍കി. ആ വാഗ്ദാനം അനുസരിച്ച് പുലര്‍ച്ചെയോടെ സംസാരിക്കാനും വീണ്ടും നടക്കാനും തുടങ്ങി.

സിസ്റ്റർ വിസെൻസ മരിയ പോളോണി

1802-ൽ വെറോണയിൽ ജനിച്ച വിസെൻസ പോളോണി ‘സിസ്റ്റേഴ്സ് ഓഫ് മേഴ്സി’ സ്ഥാപിച്ചു. രോഗികളെയും അഗതികളെയും സേവിച്ച ജീവിതം നയിച്ച അവർ 1855-ൽ അന്തരിച്ചു. വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശസ്ത്രക്രിയയ്ക്കിടെ കടുത്ത രക്തസ്രാവത്തില്‍ നിന്ന് സുഖം പ്രാപിച്ച ചിലിയന്‍ സ്ത്രീ ഔഡെലിയ പാരയുടെ രോഗസൗഖ്യമാണ് അവരുടെ വിശുദ്ധപദവിക്ക് ആധാരമായത്.

ബാർട്ടോലോ ലോംഗോ

സാത്താനിക ആചാരങ്ങളും ആരാധന രീതികളും പിന്തുടര്‍ന്ന സാത്താനിക പുരോഹിതനായി പ്രവര്‍ത്തിച്ചശേഷം മാനസാന്തരപ്പെട്ട് കത്തോലിക്ക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ബാര്‍ട്ടോലോ ലോംഗോ അനിതരസാധരണനായ വിശുദ്ധനാണ്. ഡൊമിനിക്കന്‍ മൂന്നാം സഭാംഗമായി മാറിയ ബാര്‍ട്ടോലോ ലോംഗോ, പോംപൈയിലെ (ഇറ്റലി) ഔവര്‍ ലേഡി ഓഫ് ദ റോസറി കൂട്ടായ്മ സ്ഥാപിച്ചു. ദരിദ്രരെ സഹായിക്കുന്നതിനായി സ്വയം സമര്‍പ്പിച്ച ബാര്‍ട്ടോലോ ലോംഗോ 20-ാം നൂറ്റാണ്ടിലെ ജപമാല ഭക്തിയുടെ ഏറ്റവും വലിയ പ്രചാരകരില്‍ ഒരാളായും അംഗീകരിക്കപ്പെടുന്നു.

ആർച്ച് ബിഷപ്പ് ഇഗ്‌നേഷ്യസ് മലോയാൻ

1869 ൽ തുര്‍ക്കിയിലെ മർദിനിൽ ജനിച്ച അർമേനിയൻ കത്തോലിക്ക ആർച്ച്‌ ബിഷപ്പാണ് ഇഗ്‌നേഷ്യസ് മലോയാൻ. വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള തുര്‍ക്കികളുടെ ഉത്തരവിനെ നിരാകരിച്ച ആര്‍ച്ച് ബിഷപ്പിനെ 1915 ല്‍ ഓട്ടോമാന്‍ സൈന്യം വധിച്ചു. വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യോ മലോയാനെ വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2025 മാര്‍ച്ചില്‍ അനുവാദം നല്‍കി.

ഇതോടെ ലോകത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്നുള്ള ഏഴ് ഭക്തർ സഭയുടെ വിശുദ്ധരുടെ നിരയിലേക്ക് ചേർക്കപ്പെടും. മിഷൻ ഞായറായ ഒക്‌ടോബർ 19 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വത്തിക്കാൻ ചരിത്രത്തിലെ മറ്റൊരു മഹത്തായ ദിനമായി മാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.