രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു; ഹെലിപാഡ് നിര്‍മാണം പൂര്‍ത്തിയായത് ഇന്ന് രാവിലെ

രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു; ഹെലിപാഡ് നിര്‍മാണം പൂര്‍ത്തിയായത് ഇന്ന് രാവിലെ

പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്.

രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സുരക്ഷിതമായാണ് ഇറങ്ങിയത്. രാഷ്ട്രപതിയെയും കൊണ്ട് തിരുവനന്തപുരത്ത് നിന്ന് എത്തുന്ന ഹെലിക്കോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റര്‍ വന്നിറങ്ങാനുള്ള ഹെലിപാഡ് നിര്‍മാണം പൂര്‍ത്തിയായത്. അതുകൊണ്ട് തന്നെ കോണ്‍ക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല.

9.05 ന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗം രാഷ്ട്രപതി പമ്പയിലേക്ക് തിരിച്ചു. 11.50 ഓടെ സന്നിധാനത്തെത്തും. ഗൂര്‍ഖ വാഹനവ്യൂഹത്തിലാണ് രാഷ്ട്രപതി പുറപ്പെടുക.

ശബരിമല ദര്‍ശനം കഴിഞ്ഞ ശേഷം രാഷ്ട്രപതി, സന്നിധാനത്ത് പ്രധാന ഓഫീസ് കോംപ്ലക്‌സില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ രണ്ട് മണിക്കൂര്‍ തങ്ങും. ഈ കെട്ടിടം രണ്ട് ദിവസമായി സുരക്ഷാ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം കെട്ടിടത്തിലെ നവീകരിച്ച അടുക്കളയില്‍ തയ്യാറാക്കും. ഇതിനായി രാഷ്ട്രപതിഭവന്‍ ജീവനക്കാര്‍ എത്തിയിട്ടുണ്ട്.

3:10 ന് സന്നിധാനത്ത് നിന്ന് മടങ്ങുന്ന രാഷ്ട്രപതി 4:20 ന് നിലയ്ക്കല്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ തിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.