തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. ജീവനക്കാരും പെന്‍ഷന്‍കാരും നല്‍കേണ്ട പ്രതിമാസ പ്രീമിയം 810 രൂപയായി നിശ്ചയിച്ചു. നിലവിലെ ഏജന്‍സിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് തന്നെ രണ്ടാം ഘട്ടത്തിലും മെഡിസെപ് നടത്തും.
ആദ്യ ഘട്ടത്തില്‍ 500 രൂപയായിരുന്നു പ്രീമിയം. അത് ടെന്‍ഡര്‍ നടപടിക്ക് വിധേയമായി 750 രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. 750 രൂപ പ്രീമിയത്തില്‍ മെഡിസെപ് ഏറ്റെടുക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. 875 രൂപയായിരുന്നു കുറഞ്ഞ തുകയായി ക്വാട്ട് ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായി നടന്ന ചര്‍ച്ചയില്‍ 810 രൂപ പ്രീമിയമായി അംഗീകരിക്കാന്‍ തീരുമാനമായി. ഈ തുക മന്ത്രിസഭയില്‍ ഉണ്ടായ ധാരണയേക്കാള്‍ കൂടുതലായതിനാല്‍ ഇനിയും മന്ത്രിസഭ അംഗീകരിക്കേണ്ടി വരും.
നവംബര്‍ ഒന്ന് മുതല്‍ പുതിയ പദ്ധതി തുടങ്ങേണ്ടതിനാല്‍ ഉടന്‍ ഉത്തരവിറക്കി പിന്നീട് മന്ത്രിസഭയുടെ അംഗീകാരം തേടാനാണ് സാധ്യത. ഇന്‍ഷുറന്‍സ് കവറേജ് മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.