സംസ്ഥാനത്ത് മഴ കനക്കുന്നു: പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് ഉയര്‍ത്തും; പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് മഴ കനക്കുന്നു: പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് ഉയര്‍ത്തും; പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 12 ന് നാല് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് ഇഞ്ച് (അഞ്ച് സെന്റിമീറ്റര്‍) വീതം ഉയര്‍ത്തുമെന്ന് പീച്ചി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി നിലയത്തില്‍ സാങ്കേതിക തടസം നേരിട്ടതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ഇന്നലെ രാവിലെ മുതല്‍ നിലയം വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നത് വരെ നിലയത്തിലൂടെയുള്ള ഒഴുക്ക് തടസപ്പെടുമെന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.
ഷട്ടറുകള്‍ ഉയര്‍ത്തുന്നതിലൂടെ മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും ഏകദേശം 20 സെന്റിമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മാറി താമസിക്കണം. നദീതീരങ്ങള്‍, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരും നിര്‍ദേശമനുസരിച്ച് മാറണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരളം, കര്‍ണാടക തീരങ്ങളിലും സമുദ്ര ഭാഗങ്ങളിലും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 27 വരെ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.