കോഴിക്കോട്: കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ എന്‍ഐഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. എസ്ഡിപിഐ സജീവ പ്രവര്‍ത്തകന്‍ ഫസല്‍ റഹ്മാനെതിരെ ഇതുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭീകര സംഘടനയായ പിഎഫ്‌ഐയുടെ അംഗമായിരുന്നു ഫസല്‍ റഹ്മാന്‍. പിഎഫ്‌ഐ നിരോധിച്ചതിന് പിന്നാലെ ഇയാള്‍ എസ്ഡിപിഐയിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു. എന്‍ഐഎ സാക്ഷിയായ കോഴിക്കോട് കൂളിമാട് സ്വദേശി ഫയാസിനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
2016 ഗാന്ധിജയന്തി ദിനത്തിലാണ് കണ്ണൂര്‍ ജില്ലയിലെ കനകമല കേന്ദ്രീകരിച്ച് ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നത്. ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍ഐഎ പ്രത്യേക സംഘം കനകമലയില്‍ എത്തി ഭീകരരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും സ്‌ഫോടന പരമ്പര നടത്താനുള്ള ആസൂത്രണമാണ് കനകമലയില്‍ നടന്നത്. ഈ കേസില്‍ അറസ്റ്റിലായ ഫയാസ് പിന്നീട് എന്‍ഐഎയുടെ പ്രധാന മാപ്പു സാക്ഷിയാകുകയായിരുന്നു.