കീഴടങ്ങി സര്‍ക്കാര്‍: പി.എം ശ്രീയില്‍ സിപിഐ ഉപാധികള്‍ അംഗീകരിക്കും; ഇളവ് തേടി കേന്ദ്രത്തിന് കത്തയക്കും

കീഴടങ്ങി സര്‍ക്കാര്‍: പി.എം ശ്രീയില്‍ സിപിഐ ഉപാധികള്‍ അംഗീകരിക്കും;  ഇളവ് തേടി കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: പി.എം ശ്രീ ധാരണാ പത്രം റദ്ദാക്കുക എന്ന സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ സര്‍ക്കാരും സിപിഎമ്മും കീഴടങ്ങുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കും. കേന്ദ്രത്തില്‍ നിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും. പി.എം ശ്രീയില്‍ ഉടക്കി നില്‍ക്കുന്ന സിപിഐയെ അനുയയിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം.

പദ്ധതിയില്‍ സമവായം ഉണ്ടായില്ലെങ്കില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍കുമെന്ന അഭ്യൂഹം പരന്നതോടെയാണ് സിപിഎം നിലപാട് മയപ്പെടുത്തിയത്. സര്‍ക്കാര്‍ വഴങ്ങിയതോടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാറില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങാന്‍ കഴിയില്ല. മാനദണ്ഡങ്ങളില്‍ ഇളവ് മാത്രമാണ് ആവശ്യപ്പെടുക. വിഷയം ചര്‍ച്ച ചെയ്യാനായി ഉടന്‍ തന്നെ ഇടത് മുന്നണി യോഗവും വിളിക്കും. വിഷയത്തില്‍ ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഫോണില്‍ വിളിച്ചതെന്നാണ് വിവരം. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാല്‍ മാത്രമേ സിപിഐ വഴങ്ങൂവെന്നാണ് സൂചന. കേന്ദ്രത്തിന് നല്‍കേണ്ട കത്തിന്റെ ഉള്ളടക്കവും അറിയിച്ചെന്നാണ് വിവരം.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബര്‍ അഞ്ചിന് വരാനിരിക്കെ പ്രശ്‌നം ഒത്തുതീര്‍ന്നില്ലെങ്കില്‍ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെയും ബാധിക്കും. ഇത് മുന്നില്‍ കണ്ടാണ് കീഴടങ്ങാന്‍ സിപിഎം തയ്യാറായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.