തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് നാല് ദിവസം ഇടിയോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശില്‍ കര കയറിയ 'മോന്താ' തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം തുടരുകയാണ്. വരും മണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കര തൊട്ടതോടെ ഇനിയുള്ള ദിവസങ്ങളില്‍ കേരള തീരത്ത് കാറ്റ് വീണ്ടും ദുര്‍ബലമാകും. ഇതോടൊപ്പം ഈര്‍പ്പവും കുറയും. വരും ദിവസങ്ങളില്‍ പൊതുവെ മഴ ദുര്‍ബലമായിരിക്കും. ഒറ്റപെട്ട മഴയ്ക്കാണ് സാധ്യത. എന്നാല്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 2:30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) തീരത്ത് 0.9 മുതല്‍ 1.0 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാനും സാധ്യത ഉണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.