തിരുവനന്തപുരം: കേരളത്തില്‍ 48 റൂട്ടുകളില്‍ സീപ്ലെയിന്‍ സര്‍വീസ് നടത്താന്‍ ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇന്ത്യ വണ്‍ എയര്‍, മെഹ എയര്‍, പി.എച്ച്.എല്‍, സ്പൈസ് ജെറ്റ് എന്ന എയര്‍ലൈനുകള്‍ക്കാണ് നിലവില്‍ അനുമതി നല്‍കിയത്.
സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ തുടര്‍ നടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡാമുകളിലൂടെയുള്ള സീപ്ലെയിന്‍ പദ്ധതി ഭാവിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പരീക്ഷണം നേരത്തെയും
കേരളത്തില്‍ സീപ്ലെയിന്‍ സര്‍വീസ് തുടങ്ങുന്നതിന്റെ ഭാഗമായി നേരത്തെ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കായിരുന്നു പരീക്ഷണം. 2013 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ സീപ്ലെയിന്‍ ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ പാതിവഴിയില്‍ മുടങ്ങിയിരുന്നു. 2022 ല്‍ ഡാമുകളെയും റിസര്‍വോയറുകളെയും ബന്ധിപ്പിച്ച് സീപ്ലെയിന്‍, ഹെലിക്കോപ്ടര്‍ സര്‍വീസ് നടത്താമെന്ന് കെ.എസ്.ഇ.ബി നിര്‍ദേശിച്ചെങ്കിലും ഇതും മുന്നോട്ടുപോയിരുന്നില്ല.
ടൂറിസം രംഗത്ത് നേട്ടം
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ (Ude Desh ka aam Nagarik) പദ്ധതിക്ക് കീഴില്‍ സീപ്ലെയിന്‍ സര്‍വീസ് തുടങ്ങിയാല്‍ ടൂറിസം രംഗത്തിന് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കുറഞ്ഞ ചെലവില്‍ കണക്ടിവിറ്റി ഒരുക്കാന്‍ ഇതിലൂടെ കഴിയും. നിരവധി കായലുകളും ഡാമുകളുമുള്ള കേരളത്തില്‍ അവയെ ബന്ധിപ്പിച്ചുള്ള സീപ്ലെയിന്‍ സര്‍വീസ് വലിയൊരു ആകര്‍ഷണമാകും.
കൊച്ചിയില്‍ നിന്ന് ഇടുക്കി ഡാം, കുമരകം, അഷ്ടമുടിക്കായല്‍, കോവളം, പുന്നമട, മലമ്പുഴ ഡാം, ബാണാസുര സാഗര്‍ ഡാം, ബേക്കല്‍, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് സാധ്യത.