നവി മുംബൈ: രാജ്യാന്തര വനിതാ ക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയം. ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം. 14 വര്‍ഷം മുന്‍പ് മുംബൈ മഹാനഗരത്തിന്റെ മറ്റൊരു കോണിലുള്ള വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്ന് ഉയര്‍ന്ന ആവേശവും ആരവും ആരും മറന്നു കാണില്ല. അത്തരമൊരു ഫിനിഷ്, അങ്ങനെയൊരു വിസ്മയ വിജയമാണ് രാജ്യം ഇന്ന് സ്വപ്നം കാണുന്നത്.
ധോനിയുടെ ടീം 2011 ല്‍ ഇന്ത്യന്‍ പുരുഷ ടീമിനെ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയെങ്കില്‍ ഇക്കുറി ഊഴം കാത്തിരിക്കുന്നത് ഇന്ത്യന്‍ വനിതകള്‍ക്കാണ്. ചരിത്രത്തിന് അരികെയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം. ഞായറാഴ്ച പകല്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഇരുടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. ഏഴ് തവണ ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയയെ സെമിയില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മൂന്ന് കളി ജയിച്ചാണ് തുടങ്ങിയത്. ശേഷം തുടര്‍ച്ചയായ മൂന്ന് തോല്‍വി വഴങ്ങി പുറത്താകലിന്റെ വക്കിലായി. ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് കീഴടങ്ങി. ഒടുവില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് സെമി ഉറപ്പിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന, ഓസീസിനെതിരായ സെമിയില്‍ ജയമൊരുക്കിയ ജെമീമ റോഡ്രിഗസ് എന്നിവരാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍. ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയുടെ പ്രകടനവും നിര്‍ണായകമാകും.