ന്യൂഡല്‍ഹി: ലോകത്തിലെ അടുത്ത സൂപ്പര്‍ പവറായി മാറുന്ന ഇന്ത്യയെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്ബ്.
അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യയും വൈകാതെ സൂപ്പര്‍ പവര്‍ സ്ഥാനത്ത് ഇടം പിടിക്കും. ഇന്ത്യയ്ക്ക് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കാത്ത പക്ഷം ഐക്യരാഷ്ട്ര സംഘടനയ്ക്ക് അതിന്റെ പ്രസക്തി നഷ്ടമാകുമെന്നും സ്റ്റബ്ബ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കണമെന്ന് വാദിക്കുന്നയാളാണ് സ്റ്റബ്. ഇന്ത്യക്കും മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും യുഎന്നിന്റെ അജണ്ടകളെ രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ അവസരം നല്‍കാത്തപക്ഷം ഐക്യരാഷ്ട്ര സംഘടന ദുര്‍ബലമാകുമെന്നും അദേഹം പറഞ്ഞു.
ജനറല്‍ അസംബ്ലിയില്‍ ഞാന്‍ ഇക്കാര്യം രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. സുരക്ഷാ സമതി വികസിപ്പിക്കേണ്ടതുണ്ട്. അതിലെ അംഗസംഖ്യ ഇരട്ടിയെങ്കിലുമാക്കേണ്ടതുണ്ട്. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങള്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗമായി ഇല്ലാത്തത് ശരിയായ കാര്യമല്ലെന്നും അലക്സാണ്ടര്‍ സ്റ്റബ് വ്യക്തമാക്കി.
സുരക്ഷാ കൗണ്‍സില്‍ പുനസംഘടിപ്പിക്കുമ്പോള്‍ ലാറ്റിനമേരിക്കയില്‍നിന്ന് ഒരു രാജ്യത്തെയും അഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും രണ്ട് രാജ്യങ്ങളെ വീതവും ഉള്‍പ്പെടുത്തണം.
ആഗോള സ്ഥിരതയ്ക്ക് ഒഴിവാക്കാനാകാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അദേഹം പറഞ്ഞു. ഫസ്റ്റ്പോസ്റ്റ് മാനേജിങ് എഡിറ്റര്‍ പാല്‍കി ശര്‍മയുമായുള്ള അഭിമുഖത്തിലായിരുന്നു അലക്സാണ്ടര്‍ സ്റ്റബ്ബിന്റെ പരാമര്‍ശം.