സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസിന് ധനസഹായം; വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി മനുഷ്യാവകാശ കമ്മീഷന്‍

സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസിന് ധനസഹായം; വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി: സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തടസം നില്‍ക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി ധനസഹായം അനുവദിക്കാനും ഫണ്ട് നഷ്ടമാകാതിരിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

ആവശ്യമെങ്കില്‍ ആരോഗ്യ വകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും വിളിച്ച് ചേര്‍ക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന ഡയാലിസിസിന് ധനസഹായം അനുവദിക്കേണ്ടത് ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടുമാര്‍ വഴിയാണ്. എന്നാല്‍ ധനസഹായം അനുവദിക്കാന്‍ സൂപ്രണ്ടുമാര്‍ വിമുഖത കാണിക്കുകയാണെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഇടുക്കി ജില്ലാ പഞ്ചായത്തിലേയും അറക്കുളം ഗ്രാമ പഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാന പ്രകാരമാണ് ചുമതല നിര്‍വഹിക്കാന്‍ വിമുഖത കാണിക്കുന്നതെന്നും ഇത് ഫണ്ട് പാഴാകാന്‍ സാഹചര്യം ഒരുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണ് സര്‍ക്കാര്‍ തീരുമാനം. സൂപ്രണ്ടുമാരുടെ വിസമ്മതത്തിനെതിരെ 2025 മാര്‍ച്ച് ആറിന് ഇടുക്കി ജില്ലാ കളക്ടറും ഉത്തരവിറക്കിയിരുന്നു. ഡോക്ടര്‍മാരുടെ നിസഹകരണം കാരണം മുന്‍ വര്‍ഷത്തെ ഫണ്ട് ലാപ്‌സാവാനുള്ള സാഹചര്യമുണ്ടായി. പദ്ധതി നിര്‍വഹണത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് അറക്കുളം സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ അറക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചാല്‍ അത് അച്ചടക്ക ലംഘനവും ഭരണഘടനാ പരമായ നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. ഡയാലിസിസ് ധനസഹായത്തിന്റെ ഗുണഭോക്താക്കള്‍ പാവപ്പെട്ട രോഗികളാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണം ഇവര്‍ക്ക് ധനസഹായം വൈകിയാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ല്‍ അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാനുള്ള ബാധ്യത ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. രോഗികള്‍ക്ക് യഥാസമയം ലഭിക്കേണ്ട ധനസഹായം ലഭിക്കാതിരുന്നാല്‍ അതിന്റെ ഉത്തരവാദി അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കുമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഓര്‍മ്മിപ്പിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ട് മാസത്തിനകം ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഡയറക്ടറും കമ്മീഷനെ അറിയിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.