യുദ്ധത്തിന്റെ കറുപ്പിലും കെടാത്ത വിശ്വാസം; ഉക്രെയ്നിലെ മലയാളി കന്യാസ്ത്രീ സിസ്റ്റർ ലിജിയുടെ അനുഭവസാക്ഷ്യം

യുദ്ധത്തിന്റെ കറുപ്പിലും കെടാത്ത വിശ്വാസം; ഉക്രെയ്നിലെ മലയാളി കന്യാസ്ത്രീ സിസ്റ്റർ ലിജിയുടെ അനുഭവസാക്ഷ്യം

കീവ്: തുടർച്ചയായ ബോംബാക്രമണങ്ങൾക്കും യുദ്ധഭീതിക്കും ഇടയിലും ഉക്രെയ്ൻ ജനതയുടെ വിശ്വാസവും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത ആഗ്രഹവും തകർക്കാൻ ആർക്കുമാകില്ലെന്ന് ഉക്രെയ്നിൽ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റർ ലിജി പയ്യപ്പിള്ളി.

വത്തിക്കാൻ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിസ്റ്റേഴ്‌സ് ഓഫ് സെയ്ന്റ് ജോസഫ്‌സ് ഓഫ് സെയ്ന്റ് മാര്‍ക്ക് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ ലിജി ഉക്രെയ്ൻ ജനതയുടെ നിശ്ചയദാര്‍ഢ്യവും അടിയുറച്ച ക്രൈസ്തവ വിശ്വാസവും ലോകത്തിന് മുന്നിൽ പങ്കുവെച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രണ്ടാം ലോകമഹായുദ്ധത്തിന് സമാനമായ ഭീകരതകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അവർ പറയുന്നു.

"ഒരു കഷ്ണം റൊട്ടിക്കായി പുലർച്ചെ നാല് മണി മുതൽ ആളുകൾ വരിനിൽക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. 2004 ൽ ഞാൻ ഉക്രെയ്നില്‍ എത്തിയപ്പോൾ രണ്ടാം ലോകമഹായുദ്ധകാലത്തെ ക്ഷാമത്തെക്കുറിച്ച് വയോധികർ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതേ ദുരന്തക്കാഴ്ച കാണേണ്ടിവരുമെന്ന് കരുതിയതേയില്ല. ഒരു ടിൻ ഭക്ഷണത്തിനും അല്പം വെള്ളത്തിനുമായി ആയിരക്കണക്കിന് ആളുകളാണ് വരിനിൽക്കുന്നത്. ഈ ദുരിതബാധിതരെ ഞാൻ ചേർത്തുപിടിച്ചപ്പോഴൊക്കെ പലരും പൊട്ടിക്കരഞ്ഞു. ആ സ്നേഹസ്പർശം പോലും അവർക്ക് വലിയൊരു ആശ്വാസമായിരുന്നു." - സിസ്റ്റർ ലിജി വ്യക്തമാക്കി. കഠിനമായ പ്രതിസന്ധികൾക്കിടയിലും ജീവിക്കാനുള്ള ആഗ്രഹവും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവുമാണ് ജനങ്ങളെ മുന്നോട്ട് നയിക്കുന്നത്.

യുദ്ധത്തിന്റെ ദുരിതങ്ങൾ പേറുന്ന പ്രദേശവാസികൾ നിരാശരായിരിക്കുമെന്നാണ് താൻ കരുതിയതെന്നും എന്നാൽ അവരുടെ വാക്കുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും സിസ്റ്റർ പറയുന്നു. "നാളെ ഞങ്ങൾ ജീവിച്ചിരിക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല, എങ്കിലും ഉക്രേനിയക്കാരായി ജീവിക്കാനും ഉക്രേനിയക്കാരായിത്തന്നെ മരിക്കാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്" എന്നാണ് അവർ പറയുന്നത്.

പരാതികൾക്ക് പകരം ദൈവത്തോടുള്ള അഗാധമായ നന്ദിയാണ് ഈ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ മനസിലുള്ളത്. പ്രാർത്ഥനയാണ് ഈ ദുർഘടമായ സാഹചര്യത്തിൽ അവർക്ക് ധൈര്യവും ആശ്വാസവും പകരുന്നത്.

എറണാകുളം നെടുമ്പാശേരി സ്വദേശിനിയായ സിസ്റ്റർ ലിജി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഉക്രെയ്നിൽ സേവനം ചെയ്തുവരികയാണ്. യുക്രൈയിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങളിലും യുക്രെയ്നിൽ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനായി പ്രത്യേക പ്രാർത്ഥനകളും ദിവ്യബലികളും നടന്നിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തും നിലവിൽ ലിയോ മാർപാപ്പയുടെ നേതൃത്വത്തിലും വത്തിക്കാന്റെ ഭാഗത്തു നിന്നും നിരവധി ജീവകാരുണ്യ സഹായങ്ങളാണ് ഉക്രെയ്നിലെ ജനങ്ങൾക്കായി എത്തിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.