പാകിസ്ഥാനില്‍ ഇസ്ലാമാബാദ് കോടതി പരിസരത്ത് കാര്‍ ബോംബ് സ്‌ഫോടനം: 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ ഇസ്ലാമാബാദ് കോടതി പരിസരത്ത് കാര്‍ ബോംബ് സ്‌ഫോടനം:  12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ ഇസ്ലാമാബാദ് ജില്ലാ കോടതി സമുച്ചയത്തിന് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

കോടതി സമുച്ചയത്തിന് സമീപത്തായി പാര്‍ക്ക് ചെയ്ത കാറിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരും അഭിഭാഷകരുമാണ് മരിച്ചവരിലും പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും.

ഡല്‍ഹിയില്‍ തിങ്കളാഴ്ചയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഇസ്ലാമാബാദിലും സമാന രീതിയിലുള്ള സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇസ്ലമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് സ്‌ഫോടനം ഉണ്ടായത്.

പ്രവൃത്തി ദിവസമായതിനാല്‍ കോടതി പരിസരത്ത് നിരവധി അഭിഭാഷകര്‍ ഉണ്ടായിരുന്നു. ആറ് കിലോ മീറ്ററോളം ദൂരത്തില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം കേടുപാട് സംഭവിച്ചിട്ടുണ്ട്. ചാവേറാക്രമണമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

തെക്കന്‍ വസീറിസ്ഥാനിലെ വാനയില്‍ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) നടത്തിയ ആക്രമണത്തിന് പാകിസ്ഥാന്‍ സൈന്യം തിരിച്ചടി നല്‍കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇസ്ലമാബാദിലെ കോടതി സമുച്ചയത്തിന് സമീപത്തായി സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.