തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും. വൈകുന്നേരം 4:30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്.
എസ്ഐആറില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ബിജെപി-എന്‍ഡിഎ കക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്ഐആറിനെതിരാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ എസ്ഐആര്‍ നടപ്പിലാക്കാനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനപരിശോധിക്കണമെന്നാണ് സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്രയ്ക്ക് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീവ്ര വോട്ടര്‍ പട്ടിക പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വിഷയം കോടതിയില്‍ ചോദ്യം ചെയ്യുന്നത് സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരമായിട്ടായിരിക്കും. കേരളത്തില്‍ ഇന്നലെ മുതല്‍ എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശനം തുടങ്ങി.