തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സെമിത്തേരി സന്ദർശനത്തിനായി സമയം കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്ത് സകല മരിച്ച വിശ്വാസികളുടെയും തിരുനാൾ ദിനത്തിൽ മാർപാപ്പ

തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സെമിത്തേരി സന്ദർശനത്തിനായി സമയം കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്ത് സകല മരിച്ച വിശ്വാസികളുടെയും തിരുനാൾ ദിനത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: പുനരുത്ഥാനത്തിലുള്ള പ്രത്യാശയും നമുക്കുമുമ്പേ കടന്നുപോയവരെ ഓർമിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞ് സകല മരിച്ചവിശ്വാസികളുടെയും ഓർമദിനത്തിൽ ലിയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം. ക്രൂശിതനായ യേശുവിൻ്റെ മരിച്ചവരിൽനിന്നുള്ള ഉത്ഥാനം, നാമോരോരുത്തരുടെയും ഭാവിയുടെമേൽ പ്രകാശം ചൊരിയുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാലജപ പ്രാർഥനയ്ക്കായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ച പാപ്പാ, സകല വിശുദ്ധരെയും സകല മരിച്ച വിശ്വാസികളെയും അനുസ്മരിക്കുന്ന നവംബർ മാസത്തിലെ ആദ്യ ദിനങ്ങളുടെ അർഥവും പ്രസക്തിയും വ്യക്തമാക്കിയുള്ള വിചിന്തനങ്ങളാണ് നൽകിയത്.

'അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്‍റെ ഇഷ്ടം.' (യോഹന്നാന്‍ 6 : 39) യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള ഈ വചനം പരിശുദ്ധ പിതാവ് ഉദ്ധരിക്കുകയും ധ്യാനവിഷയമാക്കുകയും ചെയ്തു.

ദൈവതിരുമനസിന്റെ കേന്ദ്രബിന്ദുവാണ് ഈ വാക്കുകളിലൂടെ വെളിപ്പെടുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. ആരും നിത്യമായി നശിച്ചു പോകരുതെന്നും എല്ലാവർക്കും സ്വർഗരാജ്യത്തിൽ ഒരു ഇടമുണ്ടാകണമെന്നും, അവിടെ ഓരോരുത്തരും തങ്ങളുടെ അതുല്യമായ സൗന്ദര്യത്തിൽ പ്രശോഭിക്കുന്നവരാകണമെന്നുമാണ് ദൈവത്തിന്റെ അഭീഷ്ടമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

വ്യത്യാസങ്ങളെ ഒരുമിപ്പിക്കുന്ന കൂട്ടായ്മ

വ്യത്യാസങ്ങളെ ഒരുമിപ്പിക്കുന്നവരും ദൈവീക ജീവനിൽ പങ്കുചേരാൻ ആഗ്രഹിച്ചവരുമായ ദൈവമക്കളുടെ അനുസ്മരണമാണ് നവംബറിലെ ആദ്യദിവസമായ സകല വിശുദ്ധരുടെയും തിരുനാളിൽ നാം ആഘോഷിച്ചതെന്ന് ലിയോ പാപ്പാ പറഞ്ഞു. 'അംഗീകാരം, ശ്രദ്ധ, ആനന്ദം എന്നിവയ്ക്കുവേണ്ടിയുള്ള ആഗ്രഹം എല്ലാ മനുഷ്യർക്കുമുണ്ട്. നമ്മുടെ ഉള്ളിലുള്ള ഈ അഭിവാഞ്ഛയെ നാം 'നിത്യജീവൻ' എന്ന പേര് നൽകി വിളിക്കുന്നു' - ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ 'സ്പെ സാൽവി' എന്ന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

നിത്യജീവൻ എന്നത് 'അവസാനിക്കാത്ത' സമയത്തെയല്ല സൂചിപ്പിക്കുന്നത്, പിന്നെയോ, അനന്തമായ സ്നേഹത്തിൽ നാം ആമഗ്നരായിത്തീരുന്നതു നിമിത്തം അതിനുമുമ്പും പിമ്പുമുള്ളതിനെപ്പറ്റി ചിന്തിക്കാത്ത ഒരു അവസ്ഥയെയാണ്. 'നമ്മുടെ മുഴുവൻ സത്തയും കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നത് ക്രിസ്തുവിലുള്ള ജീവൻ്റെയും ആനന്ദത്തിന്റെയും പൂർണ്ണതയാണ്' - പാപ്പാ കൂട്ടിച്ചേർത്തു.

നമുക്കു മുമ്പേ കടന്നുപോയവരുടെ ഓർമ്മ

തുടർന്ന്, പരിശുദ്ധ പിതാവ് അന്നേദിവസം സഭയിൽ ആഘോഷിക്കുന്ന സകല മരിച്ച വിശ്വാസികളുടെയും ഓർമ്മയാചരണത്തെക്കുറിച്ച് സംസാരിച്ചു. മരണം ഒരു ശബ്ദത്തെയോ മുഖത്തെയോ ഒരു ലോകത്തെ തന്നെയോ പൂർണമായി ഇല്ലാതാക്കുന്നതായി നമുക്ക് തോന്നിയാലും, ആരും നശിച്ചു പോകാൻ ആഗ്രഹിക്കുന്നവനല്ല ദൈവമെന്ന് നമുക്ക് ഓർക്കാം. ഓർമ്മകൾ വളരെയധികം വിലപ്പെട്ടതും അതേസമയം അതിലോലവുമാണ്. ചിലർ ആരാലും ഓർമിക്കപ്പെടുന്നില്ല, മറ്റുചിലരുടെ ഓർമയാകട്ടെ ചരിത്രത്തിൽ നിന്ന് മാഞ്ഞുപോയിരിക്കാം. എന്നിരുന്നാലും ക്രിസ്തുവിൽ അവരുടെ ഓർമ്മ അനന്തമായ മഹിമയോടെ നിലനിൽക്കുമെന്ന് പാപ്പ പറഞ്ഞു.

പ്രത്യാശയോടെ മുന്നോട്ടു നോക്കാം

മരണംമൂലം തങ്ങളുടെ ഇടയിൽനിന്ന് വേർപെട്ടുപോയവരുടെ ഓർമ ക്രൈസ്തവർ എക്കാലവും ആചരിച്ചിരുന്നു എന്ന കാര്യം മാർപാപ്പ അനുസ്മരിച്ചു. വിശുദ്ധ കുർബാനമധ്യേ നാം അവരെ അനുസ്മരിക്കുമ്പോൾ 'ആരും നശിച്ചു പോകുന്നില്ല' എന്ന പ്രത്യാശ നമ്മിൽ രൂപപ്പെടുകയും നാം അത് ഏറ്റുപറയുകയും ചെയ്യുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ്, അല്പസമയം നിശബ്ദതയിൽ സെമിത്തേരി സന്ദർശനത്തിനായി ചെലവഴിക്കണമെന്ന് മാർപാപ്പ വിശ്വാസികളോട് നിർദ്ദേശിച്ചു, 'പുനരുത്ഥാനവും വരാനിരിക്കുന്ന ലോകവും ഞങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു' എന്ന് വിശ്വാസപ്രമാണത്തിൽ നാം ഏറ്റു പറയുന്നതുപോലെ, സെമിത്തേരി സന്ദർശനത്തിന്റെ വേളകൾ നമ്മുടെ പൂർവികരെ ഓർക്കുന്നതോടൊപ്പം പ്രത്യാശയോടെയുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളുമാക്കി നമുക്ക് മാറ്റാമെന്ന് പാപ്പാ പറഞ്ഞു.

നമ്മൾ ഭൂതകാലത്തിലോ ഗൃഹാതുരത്വത്തിന്റെ വൈകാരികതയിലോ കുടുങ്ങിക്കിടക്കേണ്ടവരല്ല. ഒരു ശവകുടീരത്തിലെന്നപോലെ വർത്തമാനകാലത്തിൽ ബന്ധനസ്ഥരായവരുമല്ല. അതിനാൽ, കൈവരാനിരിക്കുന്ന ഭാവിയെ നമുക്ക് അനുസ്മരിക്കുകയും ഉറ്റു നോക്കുകയും ചെയ്യാം എന്ന ആഹ്വാനത്തോടെ ലിയോ പാപ്പ ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.