'ആദ്യ ഭാര്യ എതിര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കരുത്'; മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

'ആദ്യ ഭാര്യ എതിര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കരുത്'; മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: മുസ്ലിം വ്യക്തി നിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008 ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും കോടതി വ്യക്തമാക്കി.

വിവാഹ രജിസ്ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്ത കാസര്‍കോട് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് മുസ്ലിം ദമ്പതിമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിം വ്യക്തി നിയമം ചില സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ മൂകസാക്ഷിയാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യും മുന്‍പ് ആദ്യ ഭാര്യക്ക് പറയാനുള്ളത് കേള്‍ക്കണം. ഇക്കാര്യത്തില്‍ മത നിയമത്തിന് മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും. 2008 ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടത്തില്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ബന്ധപ്പെട്ട ഓഫീസര്‍ ആരായണമെന്നുണ്ട്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യ അനുഭവിക്കുന്ന മാനസികാവസ്ഥയെ കോടതിക്ക് അവഗണിക്കാന്‍ ആകില്ല. അതിനാല്‍ വിവാഹ ബന്ധം നിലനില്‍ക്കെ ആദ്യ ഭാര്യയെ മറികടന്ന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ല. ആദ്യ വിവാഹം തലാഖിലൂടെ വേര്‍പെടുത്തിയതാണെങ്കില്‍ ഇത് ബാധകമാകില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.