കത്തോലിക്കാ സഭ ഇതുവരെ പരിശുദ്ധ കന്യകാമറിയത്തിന്റെ 'സഹ രക്ഷകത്വം' (Co-Redemptrix) എന്ന ആശയം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ കുറേ ദശകങ്ങളായി ചിലര്‍ സഭയോട് മറിയത്തെ സഹ രക്ഷകയായി അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുവെങ്കിലും വത്തിക്കാന്‍ അതിനെ തത്വപരമായി യോജ്യമല്ലെന്ന് പ്രഖ്യാപിച്ചു.
2025 നവംബറില്‍ പ്രസിദ്ധീകരിച്ച 'ഡിക്കാസ്റ്ററി ഫോര്‍ ദ ഡോക്ട്രിന്‍ ഓഫ് ദ ഫെയ്ത്ത'ിന്റെ പുതിയ രേഖ 'Mater Populi Fidelsi (വിശ്വാസികളുടെ അമ്മ) ഇതില്‍ വ്യക്തത വരുത്തുന്നു. ഈ രേഖയില്‍ 'സഹ രക്ഷക' (Co-Redemptrix), 'മധ്യസ്ഥ' (Mediatrix), 'എല്ലാ കൃപകളുടെയും മധ്യസ്ഥ' തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കേണ്ടതില്ല എന്ന് നിര്‍ദേശിക്കുന്നു. കാരണം ഈ പദങ്ങള്‍ ചിലപ്പോള്‍ യേശു ക്രിസ്തുവിന്റെ ഏക രക്ഷാധികാരത്തെ (Sole Redeemer) മങ്ങിയതാക്കാന്‍ സാധ്യതയുണ്ടെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.
വത്തിക്കാന്റെ ഈ തീരുമാനം ക്രിസ്തുവിന്റെ സ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാണ്. യേശു മാത്രമാണ് ഏക രക്ഷകന്‍, ഏക മധ്യസ്ഥന്‍ അവനിലൂടെ മാത്രമാണ് ദൈവകൃപ മനുഷ്യനിലേക്കെത്തുന്നത് എന്ന ബൈബിള്‍-പാരമ്പര്യ സത്യം സഭ ഉറപ്പിക്കുന്നു.
അതോടൊപ്പം സഭ മറിയത്തിന്റെ സ്ഥാനത്തിന്റെ വില കുറയ്ക്കുന്നില്ല, മറിച്ച് അതിന്റെ യഥാര്‍ത്ഥ ആത്മീയ മഹത്വം പുനസ്ഥാപിക്കുന്നു. രേഖ വ്യക്തമാക്കുന്നത് പോലെ, മറിയം തന്റെ വിശ്വാസം, അനുസരണം, മാതൃത്വം എന്നിവയിലൂടെ മനുഷ്യരാശിയുടെ രക്ഷാ പദ്ധതിയില്‍ സജീവ പങ്കാളിയായിരുന്നു.
അതിനാല്‍ അവളെ 'വിശ്വാസികളുടെ അമ്മ' (Mother of the Faithful) എന്ന പേരിലാണ് സഭ ആഹ്വാനിക്കുന്നത്. ഇത് വൈകാരികമായും ആത്മീയമായും ഏറ്റവും യോജ്യമായ വിശേഷണമാണ്.
മറിയം നമ്മുടെ Mediator (മധ്യസ്ഥ) അല്ല; മറിച്ച് Intercessor - ആണ്. അതായത് ദൈവ സന്നിധിയില്‍ നമ്മുടെ വേണ്ടി അപേക്ഷിക്കുന്ന അമ്മയാണ്. മലയാളത്തില്‍ ഈ പദത്തിന് തികച്ചും സമാനമായ ഒരു വാക്കില്ലെങ്കിലും അതിന്റെ അര്‍ത്ഥം വ്യക്തമാണ്: അവള്‍ നമ്മുടെ രക്ഷയില്‍ യേശുവിന്റെ സ്ഥാനത്തെ പകരം വയ്ക്കുന്നില്ല, പക്ഷേ ദൈവ സന്നിധിയിലേക്ക് നമ്മെ നയിക്കുന്ന പ്രാര്‍ത്ഥനാ മാതാവാണ്.
ഈ തീരുമാനത്തിലൂടെ സഭ മറിയത്തെപ്പറ്റിയുള്ള വിശ്വാസത്തിന് ഒരു തത്വപരമായ വ്യക്തതയും ആത്മീയമായ സുതാര്യതയും നല്‍കുന്നു മറിയം യേശുവിന്റെ രക്ഷാ പദ്ധതിയില്‍ സഹ പങ്കാളിയാണ്, പക്ഷേ സഹ രക്ഷകയല്ല. അവള്‍ നമ്മുടെ അമ്മയാണ്.