തൃശൂര്‍: വിദ്യാഭ്യാസ ബില്ലിനെതിരേ 1957 ല്‍ നടത്തിയ സമരത്തിന് സമാനമായ ശക്തമായ പോരാട്ടത്തിന് സമയമായെന്ന് തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്ക സഭ'. നവംബര്‍ ലക്കം മുഖപ്രസംഗത്തിലാണ് പള്ളുരുത്തി സ്‌കൂള്‍ യൂണിഫോം വിഷയത്തില്‍ സര്‍ക്കാര്‍ വര്‍ഗീയത കളിക്കുകയായിരുന്നുവെന്നതടക്കമുള്ള കടുത്ത വിമര്‍ശനങ്ങളുള്ളത്.
തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടക്കുന്ന സമുദായ ജാഗ്രതാ സദസ്സില്‍ പങ്കാളികളായി നീതിക്കുവേണ്ടിയുള്ള പോരാട്ട വീര്യം പ്രകടിപ്പിക്കണമെന്നും മുഖപ്രസംഗം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.
'1957 ല്‍ വിദ്യാഭ്യാസ ബില്ലിനെതിരേ പോരാടിയതു പോലെ, 1972 ല്‍ കോളജ് ദേശസാല്‍കരണത്തിനെതിരേ പോരാടിയതു പോലെ, 2007 ല്‍ കേരള ക്രൈസ്തവര്‍ ന്യൂനപക്ഷ സമുദായമല്ല എന്ന് നിര്‍വചിക്കാന്‍ നടത്തിയ ശ്രമത്തിനെതിരേ പോരാടിയതു പോലെ ശക്തമായ പോരാട്ടത്തിന് വീണ്ടും സമയമായിരിക്കുന്നു' എന്നാണ് മുഖപ്രസംഗം പറയുന്നത്.
ഈ ലക്കത്തിലെ മുഖ്യ ലേഖനത്തിലും 'സമുദായത്തെ അവഗണിക്കുന്നവരെ തിരിച്ചറിയണം, വോട്ടാണ് പാഴാക്കരുത്' എന്നും വിശ്വാസികളോട് പറയുന്നു. കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് സര്‍ക്കാരില്‍ നിന്ന് നാളുകളായി അവഗണന മാത്രമാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
ജെ.പി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടര വര്‍ഷമായിട്ടും അത് പ്രസിദ്ധീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ന്യൂനപക്ഷ വിഭാഗത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളിലും വിവേചനമുണ്ട്. ഇഡബ്ല്യുഎസ് സംവരണാനുകൂല്യത്തിന്റെ ഗുണഫലം സമുദായത്തിന് ലഭിക്കുന്നില്ല.
വന്യമൃഗ ശല്യവും തെറ്റായ വനം പരിസ്ഥിതി നിയമവും കാരണം ക്രൈസ്തവരുടെ ജീവിതവഴി അടയുന്നു. ഭിന്നശേഷി സംവരണ വിഷയത്തില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ക്രൈസ്തവ മാനേജ്‌മെന്റുകളെ അവഗണിക്കുകയാണ് തുടങ്ങിയ വിമര്‍ശനങ്ങളും മുഖപ്രസംഗം ഉന്നയിക്കുന്നു.
മുസ്ലിം പ്രീണനക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. മുനമ്പത്തെ കണ്ണീരുകാണാന്‍ കോണ്‍ഗ്രസുകാര്‍ക്കും സമയമില്ല. വഖഫ് ഭേദഗതി ബില്ലിനെ തള്ളാതെ ചില വ്യവസ്ഥകള്‍ മാത്രം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ അംഗീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് മടിയാണ്. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്തുകൊണ്ടാണെന്ന് പകല്‍ പോലെ വ്യക്തം.
സമുദായം അംഗസംഖ്യ കൊണ്ട് ശക്തമല്ലാതായതോടെ ഇരുമുന്നണികളും തുടരുന്ന അവഗണന വിശ്വാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖപ്രസംഗം പറയുന്നു.