തിരുവനന്തപുരം: കേരളത്തിലെ റയില്‍വേ സ്റ്റേഷനുകളില്‍ കേരള റെയില്‍വേ പൊലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി 'ഓപ്പറേഷന്‍ രക്ഷിത' വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം യാത്രക്കാരിയെ മദ്യലഹരിയില്‍ സഹയാത്രികന്‍ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ പദ്ധതി നടപ്പാക്കിയത്.
റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകള്‍ക്കുള്ളിലും ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ് നടത്തുക. മദ്യപിച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് ഷഹന്‍ഷാ ഐപിഎസ് അറിയിച്ചു.
ട്രെയിനുകളിലെ പ്രത്യേക പരിശോധന കൂടാതെ പ്ലാറ്റ്‌ഫോമുകളിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമ നടപടി സ്വീകരിക്കും. ട്രെയിനുകള്‍ക്കുളളില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ അടുത്ത സ്റ്റേഷനില്‍ ഇറക്കി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
1989 ലെ റെയില്‍വേ ആക്ടിലെ വകുപ്പ് 165 പ്രകാരം മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്. മദ്യപിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാല്‍ ഉടനടി ടിക്കറ്റ് റദ്ദ് ചെയ്യുകയും കുറ്റം തെളിയിക്കപ്പെട്ടാല്‍ ആറ് മാസം വരെ തടവും പിഴയുമാണ് ശിക്ഷ.