തിരുവനന്തപുരം: നൂറ് കോടിയോളം രൂപയുടെ വമ്പന്‍ സാമ്പത്തിക ക്രമക്കേട് നടന്ന നേമം സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്.
തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതോടെ സിപിഎം ഭരണത്തിലുള്ള ബാങ്ക് ഭരണ സമിതിയിലെ മുന്‍ പ്രസിഡന്റ് ആര്‍. പ്രദീപ് കുമാര്‍, മുന്‍ സെക്രട്ടറി ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. 1200 ഓളം നിക്ഷേപകര്‍ ചേര്‍ന്ന് 112 കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ഇതില്‍ 96 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് നേരത്തെ കണ്ടെത്തിയത്.
ബാലചന്ദ്രന്‍ നായര്‍ 20.76 കോടിയുടെയും പ്രദീപ് കുമാര്‍ മൂന്ന് കോടി രൂപയുടെയും തട്ടിപ്പ് നടത്തി. 32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുന്‍ സെക്രട്ടറി എ.ആര്‍. രാജേന്ദ്രകുമാര്‍, 10.41 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എസ്.എസ്. സന്ധ്യ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പത്ത് വര്‍ഷക്കാലത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും ബാങ്കിന് നഷ്ടം വരുത്തിയതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു.
96 കോടിരൂപ തട്ടിപ്പില്‍ 34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ ബാങ്കിന് തിരികെ കിട്ടാനുണ്ട്. 15.55 കോടി രൂപയ്ക്ക് മാത്രമേ ഇതില്‍ ബാങ്കില്‍ ഈടായി രേഖയും സമര്‍പ്പിച്ചിട്ടുള്ളൂ എന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തി.
പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ 10.73 കോടി രൂപയാണ് കിട്ടാനുള്ളത്. ഇതില്‍ 4.83 രൂപയ്ക്കേ രേഖയുള്ളൂ. ഇതിനിടെ 60 ലക്ഷത്തില്‍ പരം രൂപ പിരിഞ്ഞു കിട്ടിയിട്ടും നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഡ്മിനിസ്ട്രേറ്ററെ തടഞ്ഞു വച്ചിരുന്നു.
വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നിക്ഷേപകര്‍ പിന്മാറിയില്ല. ജോയിന്റ് രജിസ്ട്രാര്‍ എത്തിയാല്‍ മാത്രമെ ഉപരോധം അവസാനിപ്പിക്കൂവെന്ന് നിക്ഷേപകര്‍ നിലപാടെടുത്തതോടെ പൊലീസ് ജോയിന്റ് രജിസ്ട്രാറുമായി ഫോണില്‍ സംസാരിച്ചു. പിരിഞ്ഞു കിട്ടുന്ന പണം മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ ഉറപ്പു നല്‍കിയതോടെയാണ് അന്ന് ഉപരോധം അവസാനിപ്പിച്ചത്.