തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ഭൂമിയുള്‍പ്പെടെയുള്ള 67 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാഡമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുമായി ബന്ധപ്പെട്ട് 129 കോടി രൂപയുടെ സ്വത്തുവകകള്‍ അന്വേഷണ സംഘങ്ങള്‍ ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും ആലപ്പുഴ സോഷ്യല്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, ഇസ്ലാമിക് സെന്റര്‍ വയനാട്, ഹരിതം ഫൗണ്ടേഷന്‍ മലപ്പുറം, പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ് ആലുവ, വള്ളുവനാടന്‍ ട്രസ്റ്റ് പാലക്കാട്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തുള്ള ഭൂമി എന്നിവ ഉള്‍പ്പെടെ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. നടപടികള്‍ തുടരുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് ഹവാല ഇടപാടുകള്‍ നടത്തി, രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചു, വിദേശ ഫണ്ടുകള്‍ അനധികൃതമായി രാജ്യത്ത് എത്തിച്ചു, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായി കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കുമെതിരെ അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് എത്തുകയും ചെയ്തത്.