തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ. ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ. ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

വെള്ളിയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. മുന്‍ മന്ത്രി കെ. രാജുവിന് ദേവസ്വം ബോര്‍ഡ് അംഗമായും നിയമനം നല്‍കിയിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതി പരാമര്‍ശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനമെടുത്തത്.

സ്വര്‍ണക്കൊള്ള വിവാദം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാള്‍ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നേരത്തേ വിലയിരുത്തിയിരുന്നു.

2009 കാലഘട്ടത്തില്‍ സംസ്ഥാനത്ത് ഭരണമാറ്റം മൂലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രസിഡന്റ് ഇല്ലാതെ വന്ന ഘട്ടത്തില്‍ ജയകുമാര്‍ ദേവസ്വം കമ്മിഷണറും ആക്ടിങ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാനും ശബരിമല സ്‌പെഷ്യല്‍ ഓഫീസറുമായിരുന്നു. ടൂറിസം സെക്രട്ടറി, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.