അരൂര്‍ ഉയരപ്പാത അപകടം: രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നിര്‍മാണ കമ്പനി

അരൂര്‍ ഉയരപ്പാത അപകടം: രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നിര്‍മാണ കമ്പനി

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ഹരിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് നിര്‍മാണ കമ്പനി. അപകടം മനപൂര്‍വം സംഭവിച്ചതല്ലെന്നും കുടുംബത്തിനുണ്ടായ നഷ്ടം വളരെ വലുതാണെന്നും ഹൈവേ കരാര്‍ കമ്പനി മാനേജരായ സിബിന്‍ വ്യക്തമാക്കി.

രാജേഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ പണം കൈമാറും. സാധാരണ ഗതിയില്‍ റോഡ് അടച്ചിട്ടാണ് പണികള്‍ നടക്കാറുള്ളത്. ഇന്നലെ രാത്രിയില്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് ചന്തിരൂര്‍ ഭാഗത്ത് ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവറായ രാജേഷ് മരിച്ചത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.

അപകടത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷ ഒരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അശോക ബില്‍ഡ്കോണ്‍ കമ്പനിക്കെതിരെയാണ് അരൂര്‍ പൊലീസ് കേസെടുത്തത്. അതേസമയം കുടുംബത്തിന് സിഎംഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജേഷെന്ന് അദേഹത്തിന്റെ സഹോദരന്‍ രതീഷ് പറഞ്ഞു. മകളുടെ ചികിത്സ അടക്കം വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന കുടുംബമാണിത്. രാവും പകലും ജോലി ചെയ്താണ് രാജേഷ് കുടുംബം പുലര്‍ത്തിയിരുന്നത്.

നഷ്ടപരിഹാരം കൊണ്ട് തങ്ങളുടെ നഷ്ടം തീരില്ലെന്നും എന്നാല്‍ സഹോദരന്റെ കുടുംബത്തിന് ജീവിക്കാന്‍ ചെറിയൊരു ആശ്വാസമാകും ഈ തുകയെന്നും രതീഷ് പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.