തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചെലവിനായി ഒരു സ്ഥാനാര്‍ത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ചെലവിനായി ഒരു സ്ഥാനാര്‍ത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചു

തിരുവനന്തപുരം: തദ്ദേശ പൊതു തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിനിയോഗിക്കാവുന്ന തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു. പരമാവധി തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 75000 രൂപയും ജില്ലാ പഞ്ചായത്തില്‍ 150000 രൂപയുമാണ്.

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ പരമാവധി 75000 രൂപയും, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 150000 രൂപയും വരെ ചെലവാക്കാം. സ്ഥാനാര്‍ത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളില്‍ ചെലവ് നിരീക്ഷകരും ഉണ്ടാകും.

മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. ഫലപ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് നല്‍കേണ്ടത്. www.sec.kerala.gov.in ല്‍ Election Ex-penditure module ല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും കണക്ക് സമര്‍പ്പിക്കാം.

സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നല്‍കേണ്ടത്. സ്ഥാനാര്‍ത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കില്‍പ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. അവയുടെ ഒറിജിനല്‍ സ്ഥാനാര്‍ത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നല്‍കുകയും വേണം.

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കമ്മീഷന്‍ അഞ്ച് വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അംഗമായി തുടരുന്നതില്‍ നിന്നും അയോഗ്യരാക്കും. ഉത്തരവ് തിയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത. നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നല്‍കിയതെന്ന് ബോധ്യപ്പെട്ടാലും അവരെ അയോഗ്യരാക്കാന്‍ കമ്മിഷന് അധികാരമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.