സ്‌കൂള്‍, കോളജ് വിനോദ യാത്ര: അപകടമുണ്ടായാല്‍ പ്രിന്‍സിപ്പല്‍ നേരിട്ടുള്ള ഉത്തരവാദിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

സ്‌കൂള്‍, കോളജ് വിനോദ യാത്ര: അപകടമുണ്ടായാല്‍ പ്രിന്‍സിപ്പല്‍ നേരിട്ടുള്ള ഉത്തരവാദിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിനോദയാത്രകള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. കുട്ടികളുടെ ജീവന്‍ അപകടത്തില്‍പെടാതിരിക്കാന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള വിനോദസഞ്ചാര യാത്രകള്‍ വീണ്ടും നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ബസിന് അപകടം സംഭവിച്ചാല്‍ അത് സ്‌കൂള്‍ അല്ലെങ്കില്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. രാത്രി യാത്ര ഒഴിവാക്കണം, അനധികൃത ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് വിനോദ യാത്രകള്‍ നടക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എച്ച്.നാഗരാജു വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം അടങ്ങിയ സന്ദേശം നല്‍കിയത്.

ബസുകളില്‍ ശരിയായ എമര്‍ജന്‍സി എക്‌സിറ്റുകളോ അഗ്‌നി സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. നിരവധി ബസുകളില്‍ നിയമവിരുദ്ധമായി സ്പീക്കറുകളും ലൈറ്റുകളും ഘടിപ്പിച്ചതായും കണ്ടെത്തി. ഇത് തീപിടിത്തങ്ങള്‍ക്ക് കാരണമാവുകയും മറ്റ് വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യും.

കൂടാതെ സ്‌കൂള്‍, കോളജ് അധികൃതര്‍ ടൂറിന് ഒരു ആഴ്ച മുമ്പെങ്കിലും എം.വി.ഡിയെ അറിയിക്കണം. ഉദ്യോഗസ്ഥര്‍ ബസ് പരിശോധിക്കുകയും വിദ്യാര്‍ത്ഥികളും ഡ്രൈവറും പാലിക്കേണ്ട നിബന്ധനകള്‍ വിശദീകരിക്കുകയും ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.