കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അഴിമതിക്കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
അഴിമതിക്കേസില്‍ പ്രതികളായ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി കെ.എ രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിരന്തരം വിസമ്മതിക്കുന്നതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
മൂന്ന് തവണയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ കടകംപള്ളി മനോജ് നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഒരാഴ്ചയത്തെ സമയവും അനുവദിച്ചു.
'അഴിമതി നടത്തില്ല എന്ന് പറഞ്ഞാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നത്. എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരായി മാറി എന്നാണ് മനസിലാകുന്നത്. ഇത് പരിതാപകരമായ അവസ്ഥയാണ്. സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ആരാണ് ഇതിനു പിന്നില്‍?'- കോടതി ചോദിച്ചു.
രാഷ്ട്രീയമായി ഇടതുപക്ഷത്തെ ഒരുതരത്തിലും ബാധിക്കാത്ത രണ്ടുപേരാണ് ഈ കേസിലെ പ്രതികള്‍. ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരനും കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ എം.ഡി കെ.എ രതീഷുമാണ് പ്രതിപ്പട്ടികയുള്ളത്.
ഇവര്‍ക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. പക്ഷേ, സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. നേരത്തെ അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയില്‍ എത്തിയത്.
കശുവണ്ടി വികസന കോര്‍പറേഷന്‍ 2006-2015 കാലഘട്ടത്തില്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി ആരോപിച്ചാണ് കേസ്. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍.ചന്ദ്രശേഖരനും മുന്‍ എംഡി കെ.എ. രതീഷുമാണ് കേസിലെ പ്രധാന പ്രതികള്‍.