തിരുവനന്തപുരം: ആര്യശാല കണ്ണേറ്റുമുക്കിന് സമീപം വന്‍ തീപ്പിടിത്തം. യൂണിവേഴ്സല്‍ ഫാര്‍മയെന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയര്‍ എന്‍ജിനുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. രാത്രി 8:15 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. രണ്ടാമത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമനസേന. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായതിനാല്‍ ഒട്ടേറെ മരുന്നുകളും രാസവസ്തുക്കളും ഉള്ള കെട്ടിടമാണിത്. ഇവയ്ക്ക് തീ പിടിച്ചാല്‍ ഉണ്ടാകാവുന്ന അപകടം ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സമീപത്തുള്ള നാട്ടുകാരാണ് തീ പടരുന്നത് കണ്ടത്. പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയും പൊട്ടിത്തെറികള്‍ ഉണ്ടാവുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കെട്ടിടത്തിന് സമീപത്തുള്ള വീട്ടുകാരെ ഉടനടി മാറ്റി.