കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ നിലവിലെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. അന്തിമ വിധി വരുന്നതു വരെ കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
താല്‍ക്കാലികമായെങ്കിലും റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം സമര സമിതി നല്‍കിയ ഹര്‍ജിയിലെ വിധി പ്രദേശവാസികള്‍ക്ക് ആശ്വാസകരമാണ്.
ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പത്ത് 615 കുടുംബങ്ങളാണ് സമരത്തിലുള്ളത്. 2019 ലാണ് വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് മുനമ്പത്തെ ഭൂമി എഴുതി ചേര്‍ക്കുന്നത്.
2022 ല്‍ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോഴും കരം ഒടുക്കാന്‍ സാധിച്ചിരുന്നു. പിന്നീട് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. തുടര്‍ന്ന് വലിയ നിയമ പോരാട്ടങ്ങളും സമര പരമ്പരകളുമാണ് അരങ്ങേറിയത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ സമരക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. തുടര്‍ന്ന് ആധാര പ്രകാരം ഭൂമി ഫറോക്ക് കോളജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കെ ഭൂമി വഖഫ് അല്ലാതായി മാറിയെന്നും കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു.
മുനമ്പത്തെ ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചുകൊണ്ട് പ്രശ്ന പരിഹാരം സാധ്യമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിനെതിരെ വഖഫ് സംരക്ഷണ വേദി, ടി.എം അബ്ദുള്‍ സലാം എന്നിവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.