തിരുവനന്തപുരം: കേരളത്തിലെ ടെലിവിഷന്‍ ബാര്‍ക് തട്ടിപ്പില്‍ പരാതി ലഭിച്ചതായി ഡിജിപി. അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തി. കെടിഎഫ് പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.
മുഖ്യമന്ത്രി പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. വിശദമായ അന്വേഷണത്തിനാണ് നിര്‍ദേശം. ബാര്‍ക്കില്‍ തട്ടിപ്പ് നടത്താന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി എന്നതടക്കം നിരവധി ആരോപണങ്ങളും പുറത്ത് വന്നിട്ടുണ്ട്.
റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിള്‍ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാര്‍ക്കിന്റെ പ്രധാന പ്രശ്‌നം. ആകെയുള്ള 86 ലക്ഷം ടിവികളില്‍ ബാര്‍ക്ക് മീറ്ററുള്ളത് വെറും 1500 ല്‍ താഴെ മാത്രമാണ്. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉള്‍ക്കൊള്ളുന്ന തരത്തിലല്ലെന്നും പരാതിയില്‍ പറയുന്നു. മാത്രമല്ല ഈ മീറ്ററുകള്‍ പുറമേ നിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും കഴിയുമെന്ന ആരോപണവും ഉണ്ട്.